ഭോപ്പാല്‍: പൊലീസ് കസ്റ്റഡിയിലുള്ള യുവതികളെ ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചെന്നു പരാതി. കസ്റ്റഡിയിലിരിക്കെ പ്രഗ്‌നന്‍സി ടെസ്റ്റിനു വിധേയരാക്കി എന്നാരോപിച്ചാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ യോഗ്യത നേടിയ ഒരു കൂട്ടം യുവതികള്‍ മുന്നോട്ടു വന്നിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് ഇവരെ കഴിഞ്ഞ ദിവസം ഭോപ്പാല്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
പൊലീസ് കോണ്‍സ്റ്റബിള്‍ യോഗ്യതയ്ക്കുള്ള എഴുത്തുപരീക്ഷയും ശാരീരികക്ഷമതാപരീക്ഷയും പാസ്സായ യുവതികള്‍ക്ക് നിര്‍ദ്ദിഷ്ട ഉയരത്തിലും ഒന്നോ രണ്ടോ സെന്റിമീറ്റര്‍ കുറവു വന്നതിനാല്‍ നിയമനപ്പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. മാനദണ്ഡത്തില്‍ ഇളവു വരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ യാദ്ഗാര്‍-ഇ-ഷാജഹാനി പാര്‍ക്കില്‍ പ്രതിഷേധിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പങ്കെടുത്ത പൊതുചടങ്ങിലെത്തി ഇവര്‍ മുദ്രാവാക്യങ്ങളുയര്‍ത്തിയത്.
പൊതുസ്ഥലത്തെ സമാധാനക്രമം തടസ്സപ്പെടുത്തിയതിന് ഒന്‍പതു യുവതികളെയാണ് പൊലീസ് 151ാം വകുപ്പു ചുമത്തി അറസ്റ്റു ചെയ്തത്. സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ ഇവരെ നിര്‍ബന്ധപൂര്‍വം പ്രഗ്‌നന്‍സി ടെസ്റ്റിനു വിധേയരാക്കുകയായിരുന്നുവെന്ന് യുവതികള്‍ പരാതിപ്പെടുന്നു. വസ്ത്രം മാറുന്നതിനിടെ മുറിയിലേക്ക് ജയിലിലെ പുരുഷ തടവുകാര്‍ പലതവണ എത്തിനോക്കിയെന്നും ആരോപണമുണ്ട്. ജാമ്യത്തിലിറങ്ങിയ ഇവര്‍ മാധ്യമങ്ങളെ കണ്ടു സംസാരിച്ചു.
“ക്രിമിനലുകളോടു പെരുമാറുന്ന പോലെയാണ് ഞങ്ങളോടു പെരുമാറിയത്. ഫോണുകള്‍ പിടിച്ചുവാങ്ങി, മാതാപിതാക്കളോടു പോലും സംസാരിക്കാന്‍ അനുവദിച്ചില്ല.” യുവതികളിലൊരാളായ അഞ്ജു ഭാധോരിയ പറയുന്നു.
Also Read: ബീഹാര്‍ ഭരിക്കുന്നത് “ബലാത്ക്കാരി ജനതാ പാര്‍ട്ടി”; ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി തേജസ്വി യാദവ്
മോശമായ പെരുമാറ്റമാണ് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായതെന്ന് പ്രതിഷേധത്തെ പിന്താങ്ങുന്ന സാമൂഹ്യ പ്രവര്‍ത്തക പ്രീതി ശര്‍മ്മയും പറയുന്നു. “തങ്ങള്‍ ഭാവിയില്‍ ഒപ്പം ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ഭാഗത്തുനിന്നു തന്നെ ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്നതില്‍ അവര്‍ ദുഃഖിതരും അസ്വസ്ഥരുമാണ്.” പ്രീതി മാധ്യമങ്ങളോടു പറഞ്ഞു.
മധ്യപ്രദേശിന്റെ പുത്രിമാര്‍ ചൗഹാന്റെ ഭരണത്തിന്‍ കീഴില്‍ അപമാനിക്കപ്പെട്ടിരിക്കുകയാണെന്നും, മുഖ്യമന്ത്രി മാപ്പുപറയണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജയിലിനു പുറത്ത് പ്രതിഷേധ സമ്മേളനം നടത്തി. പെണ്‍കുട്ടികളുടെ ആവശ്യം ന്യായമാണെന്നും, അനുമതിയില്ലാതെ ടെസ്റ്റ് നടത്തിയത് അപമാനകരമാണെന്നും പ്രസ്താവിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ദീപ്തി സിംഗ്, കമല്‍ നാഥ് എന്നിവര്‍ മുന്നോട്ടു വന്നിട്ടുണ്ട്.
എന്നാല്‍, പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ച പറ്റിയിട്ടില്ലെന്നും, നിയമപ്രകാരമുള്ള മെഡിക്കല്‍ പരീക്ഷകള്‍ മാത്രമേ നടന്നിട്ടുള്ളൂവെന്നുമാണ് ഡി.ഐ.ജി. ധര്‍മേന്ദ്ര ചൗധരിയുടെയും ജയില്‍ സൂപ്രണ്ട് ദിനേഷ് നര്‍ഗാവേയുടെയും വിശദീകരണം. “വനിതാ പൊലീസാണ് ടെസ്റ്റിന്റെ സമയത്ത് കൂടെയുണ്ടായിരുന്നത്. ചട്ടങ്ങളുടെ ഭാഗമായ ടെസ്റ്റുകള്‍ മാത്രമേ നടന്നിട്ടുള്ളൂ. യുവതികളെ ആരും ഉപദ്രവിച്ചിട്ടില്ല.” സൂപ്രണ്ട് മാധ്യമങ്ങളോടു പറഞ്ഞു.