ജയിലധികൃതര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നെന്നാരോപിച്ച് വനിതാ തടവുകാരുടെ കത്ത്
Daily News
ജയിലധികൃതര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നെന്നാരോപിച്ച് വനിതാ തടവുകാരുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th November 2014, 10:58 am

women-abuseബംഗളുരു: പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ വനിതാ തടവുകാരെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുത്തുന്നു എന്നാരോപിച്ച് കത്ത്. ജയയിലെ തടവുകാരായ സ്ത്രീകള്‍ തന്നെയാണ് കത്തെഴുതിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കന്നഡയിലെഴുതിയ രണ്ട് കത്തുകളാണ് പുറത്തുവന്നിരിക്കുന്നത്.

തടവറയിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്ന ജുഡീഷ്യല്‍ ഓഫീസര്‍ ഈ കത്ത് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ജയിലിലെ പുരുഷ തടവുകാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വനിതാ തടവുകാരെ അധികൃതര്‍ നിര്‍ബന്ധിക്കുന്നെന്നാണ് കത്തില്‍ പറയുന്നത്. ഇതിന് പ്രതിഫലമായി പുരുഷ തടവുകാരില്‍ നിന്നും 300 മുതല്‍ 500 രൂപവരെയാണ് അധികൃതര്‍ കൈപ്പറ്റുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.

കര്‍ണാടക ചീഫ് ജസ്റ്റിസിനാണ് കത്തയച്ചിരിക്കുന്നത്. സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളെ കാണണമെങ്കില്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കണമെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

പരപ്പന ജയിലില്‍ വന്‍ ക്രമക്കേടുകളാണ് നടക്കുന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജൂണില്‍ ഇതേ ജയിലില്‍ നിന്നും പരോളിലിറങ്ങി ഇതുവരെ തിരിച്ചെത്താത്ത 24 തടവുകാരെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇക്കാര്യം ജയില്‍ അധികൃതര്‍ ഇതുവരെ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല. പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിട്ടില്ല.

ജയിലിലെത്തുന്ന ഉന്നത ബന്ധമുള്ള തടവുകാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. തടവറയില്‍ വാടക പിരിക്കലും നടക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പ്രത്യേക സെല്ലുകള്‍ക്കായി തടവുകാരില്‍ നിന്നും 20,000 രൂപയാണ് അഡ്വാന്‍സായി വാങ്ങുന്നത്. ഇതിന് പുറമേ മാസത്തില്‍ 20,000 രൂപ വാടകയായും പിരിക്കുന്നുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച് ജയിലിലെ അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വി.എസ് രാജ രംഗത്തെത്തിയിട്ടുണ്ട്. തടവറ സി.സി.ടി.വി ക്യാമറകളാല്‍ വലയം ചെയ്യപ്പെട്ടതാണ്. ജയിലിലെ ഉദ്യോഗസ്ഥരോട് ശത്രുതയുള്ള ഓഫീസര്‍മാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണു ഈ ആരോപണമെന്നും അദ്ദേഹം വ്യക്തമാക്കി.