| Monday, 21st October 2024, 7:57 am

അവർ ഞങ്ങൾക്ക് കുഞ്ഞുങ്ങളുടെ മാംസം വിളമ്പി, ഭക്ഷിക്കാൻ പറഞ്ഞു: ഐ.എസ്.ഐ.എസിൽ നിന്നും രക്ഷപ്പെട്ട യസീദി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്‌ലാമിക് സ്റ്റേറ്റ് തടങ്കലിൽ വെച്ച് കുഞ്ഞുങ്ങളുടെ മാംസം കഴിക്കാൻ തങ്ങളെ നിർബന്ധിച്ചെന്ന വെളിപ്പെടുത്തലുമായി യസീദി യുവതി. ഇസ്ലാമിക് സ്റ്റേറ്റിൻ്റെ 10 വർഷത്തെ തടവിന് ശേഷം മോചിതയായ ഫൗസിയ സിഡോയാണ് വെളിപ്പെടുത്തലുമായി മുന്നോട്ടെത്തിയിരിക്കുന്നത്.

2014 ലാണ് ഫൗസിയ തന്റെ രണ്ട് സഹോദരന്മാരോടൊപ്പം ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പിടിയിലാകുന്നത്. പിടിയിലാകുമ്പോൾ ഫൗസിയ സിഡോയ്ക്ക് ഒമ്പത് വയസ്സായിരുന്നു. ഭക്ഷണമില്ലാതെ, സിൻജാറിൽ നിന്ന് ഇറാഖിലെ താൽ അഫറിലേക്ക് യാത്ര ചെയ്യാൻ അവർ നിർബന്ധിതരായി. മൂന്ന് നാല് ദിവസത്തെ യാത്രക്ക് ശേഷമാണ് അവർ ലക്ഷ്യ സ്ഥാനത്ത് എത്തിയത്. അവിടെയെത്തിയപ്പോൾ അവർ തങ്ങൾക്ക് കഴിക്കാൻ ഭക്ഷണം നൽകിയെന്നും ഒപ്പം മാംസം ഉണ്ടായിരുന്നെന്നും ഫൗസിയ പറഞ്ഞു.

‘പിന്നീട് സംഭവിച്ചത് ഭയാനകമായ സംഭവമായിരുന്നു. മാംസത്തിന് വിചിത്രമായ രുചി ഉണ്ടായിരുന്നു, ഞങ്ങളിൽ ചിലർക്ക് പിന്നീട് വയറുവേദന വന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ അത് യസീദി കുഞ്ഞുങ്ങളുടെ മാംസമാണെന്ന് അവർ ഞങ്ങളോട് പറഞ്ഞു ,’ 2014 ലെ ആ ഭയാനകമായ നിമിഷം അനുസ്മരിച്ചുകൊണ്ട് ഫൗസിയ പറഞ്ഞു.

അവർ തങ്ങൾക്ക് ശിരഛേദം ചെയ്ത കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കാണിച്ചെന്നും ഇവരെയാണ് ഭക്ഷിച്ചതെന്നും പറഞ്ഞതായി ഫൗസിയ കൂട്ടിച്ചേർത്തു.

‘അവർ ഞങ്ങൾക്ക് ശിരഛേദം ചെയ്ത കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കാണിച്ചു തന്നു. ഇവരെയാണ് ഞങ്ങൾ ഭക്ഷിച്ചതെന്ന് പറഞ്ഞു. ഒരു സ്ത്രീക്ക് അപ്പോൾ തന്നെ ഹൃദയസ്തംഭനം സംഭവിക്കുകയും താമസിയാതെ മരിക്കുകയും ചെയ്തു,’ ഫൗസിയ പറഞ്ഞു.

യസീദി സ്ത്രീകളോട് ഐ.എസ്.ഐ.എസ് അതിക്രൂരമായാണ് പെരുമാറിയതെന്നും ഫൗസിയ പറഞ്ഞു. ബന്ദിയാക്കപ്പെടുകയും പിന്നീട് ലൈംഗിക അടിമയായി വിൽക്കപ്പെടുകയും ചെയ്ത ഫൗസിയ 10 വയസ്സുള്ളപ്പോൾ ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ടു. പിന്നീട് മറ്റ് പുരുഷന്മാർക്ക് പലതവണയായി വിൽക്കപ്പെട്ടു.

ഫൗസിയക്ക് 15ഓ 16ഓ വയസ്സായപ്പോൾ, ഒരു ഐ.എസ്.എസ്.ഐ അംഗം അവളെ വിവാഹം ചെയ്തു, അതിനുശേഷം അവൾ ബലാത്സംഗത്തിൽ ജനിച്ച രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. ഇസ്രഈൽ, യു.എസ്, ഇറാഖ് എന്നിവരുടെ രഹസ്യ ദൗത്യത്തെ തുടർന്നാണ് ഫൗസിയ രക്ഷപ്പെടുന്നത്.

ഇതാദ്യമായല്ല യസീദി ബന്ദികൾക്ക് ഐ.എസ്.എസ്.ഐ ബന്ധികൾക്ക് മനുഷ്യമാംസം നൽകിയെന്ന ആരോപണം ഉയരുന്നത്. 2017ൽ ഇറാഖ് പാർലമെൻ്റ് അംഗമായ വിയാൻ ദഖിൽ രക്ഷപ്പെട്ട മറ്റൊരു വ്യക്തിയുടെ സാക്ഷ്യത്തിൻ്റെ അടിസ്ഥാനത്തിൽ ഈ വിഷയം ഉന്നയിച്ചിരുന്നു.

Content Highlight: Forced to eat meat of babies’: Yazidi woman rescued from Gaza recalls horror meal served by ISIS

We use cookies to give you the best possible experience. Learn more