| Saturday, 14th August 2021, 11:41 am

വിവാഹശേഷമുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റകരമല്ല; കേരള ഹൈക്കോടതിയില്‍ നിന്ന് വ്യത്യസ്ത വിധിയുമായി ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിവാഹശേഷമുള്ള നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമല്ലെന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. ഭാര്യയുടെ ഇഷ്ടത്തിനു വിരുദ്ധമായി ബലം പ്രയോഗിച്ചുള്ള ലൈംഗിക വേഴ്ച കുറ്റകരമല്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശം. ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്നായിരുന്നു ബോംബെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജശ്രീ ജെ ഗാരട്ട് പറഞ്ഞത്.

ഭര്‍ത്താവ് നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് കാണിച്ച് യുവതി നല്‍കിയ കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവ് നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നായിരുന്നു കേസ് പരിഗണിക്കുന്ന വേളയില്‍ കോടതി പറഞ്ഞത്.

എന്നാല്‍ ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചെയ്തികള്‍ ‘വൈവാഹിക ബലാത്സംഗം’ ആണെന്ന് കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി വിധിച്ചിരുന്നു. ഇത് വിവാഹമോചനം അവകാശപ്പെടാനുള്ള കാരണമാണെന്നും കോടതി പരാമര്‍ശിച്ചിരുന്നു. സമാനമായ കേസിലാണ് മുംബൈ ഹൈക്കോടതിയുടെ വ്യത്യസ്തമായ നിരീക്ഷണം.

ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീധനം ആവശ്യപ്പെടുകയും തനിക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി.

കഴിഞ്ഞ നവംബര്‍ 22നാണ് യുവതി വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ കുടുംബം തനിക്ക് മേല്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും ഇതിനിടെയാണ് ഭര്‍ത്താവ് സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും പിന്നീട് ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

തുടര്‍ന്നാണ് യുവാവിനെതിരേയും കുടുംബത്തിനെതിരേയും യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. സ്ത്രീധന പീഡനം ആരോപിച്ചായിരുന്നു കുടുംബാംഗങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍, യുവതിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും തങ്ങളെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്നും യുവാവിന്റെ കുടുംബാംഗങ്ങള്‍ വാദിച്ചു.

എന്നാല്‍ ഹരജി പരിഗണിക്കവേ എത്ര തുകയാണ് യുവതിയോട് സ്ത്രീധനമാവശ്യപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്നും നിര്‍ബന്ധിത ലൈംഗികബന്ധം കോടതിയില്‍ നിലനില്‍ക്കില്ലെന്നും ജഡ്ജി പറഞ്ഞു. അതിനാല്‍ യുവതിയുടെ ഭര്‍ത്താവിനേയും കുടുംബാംഗങ്ങളേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു കോടതി നിലപാട്. യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശികള്‍ നല്‍കിയ വിവാഹ മോചന കേസിലായിരുന്നു ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചെയ്തികള്‍ ‘വൈവാഹിക ബലാത്സംഗം’ ആണെന്ന് കേരളാ ഹൈക്കോടതി നിരീക്ഷിച്ചത്. ഇത് വിവാഹമോചനം അവകാശപ്പെടാനുള്ള കാരണമാണെന്നും കോടതി പരാമര്‍ശിച്ചിരുന്നു.

ഭര്‍ത്താവ് ക്രൂരമായി പെരുമാറുന്നെന്ന് കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹരജി സ്വീകരിച്ച കുടുംബ കോടതിയുടെ വിധി ചോദ്യം ചെയ്ത് യുവതിയുടെ ഭര്‍ത്താവ് ഹരജി നല്‍കുകയായിരുന്നു.

സമ്പത്തിനോടും ലൈംഗികതയോടുമുള്ള ഭര്‍ത്താവിന്റെ അടങ്ങാത്ത ത്വര ഭാര്യയെ വിവാഹമോചനം നേടാന്‍ പ്രേരിപ്പിച്ചെന്നും ഭര്‍ത്താവിന്റെ തന്നിഷ്ടവും വഷളന്‍ പെരുമാറ്റവും സാധാരണ ദാമ്പത്യ ജീവിതത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്നുമാണ് കേരള ഹൈക്കോടതി പ്രസ്താവിച്ചത്.

സ്വന്തം ശരീരത്തിനുമേല്‍ വ്യക്തികള്‍ക്ക് സ്വകാര്യതാ അവകാശമുണ്ടെന്നും അതിനുമുകളിലുള്ള കടന്നുകയറ്റം സ്വകാര്യതയെ ലംഘിക്കലാണെന്നും കോടതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: forced sex in marriage cannot call illegal says mumbai court

We use cookies to give you the best possible experience. Learn more