| Monday, 30th July 2018, 2:13 pm

നിര്‍ബന്ധിത പാദപൂജ; നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ലീഗ് ബാലാവകാശ  കമീഷന് പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളിലില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിത പാദപൂജ ചെയ്യിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വനിത ലീഗ്. ഇതുസംബന്ധിച്ച് വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് ബാലാവകാശ കമീഷന് നല്‍കിയ പരാതി നല്‍കി.

വിദ്യാര്‍ഥികളെ ഏതെങ്കിലും മതത്തിന്റേയോ ജാതിയുടെയോ ആചാരങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് നിയമലംഘനവും മനുഷ്യാവകാശ വിരുദ്ധവുമാണെന്നും കരിക്കുലത്തിന്റെ ഭാഗമായ പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ക്ക് പുറമെ കുട്ടികളില്‍ വിശ്വാസപരമോ ആചാരപരമോ ആയ കാര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നത് മൗലികാവകാശ ലംഘനത്തോടൊപ്പം ബാലപീഡനവുമാണെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.


Read Also : പാദപൂജ മാത്രമല്ല, ആയുധ പരിശീലനവും രാമായണ പാരായണവും; ചേര്‍പ്പ് സ്‌കൂള്‍ ആര്‍.എസ്.എസിന്റെ വിഹാര കേന്ദ്രം


ഗുരുത കുറ്റകൃത്യം നടന്നിട്ടും നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും നവോത്ഥാനത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ കേരളീയ സമൂഹത്തെ വെല്ലുവിളിക്കുകയാണ്. രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വിദ്യാലയങ്ങളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിനെതിരെ ബാലാവകാശ കമീഷന്‍ അടിയന്തരമായി ഇടപെട്ട് കേസെടുത്ത് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നൂര്‍ബിന റഷീദ് ആവശ്യപ്പെട്ടു.

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി എന്ന ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്്. 1262 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ലാസിലുമാണ് പാദപൂജ നടത്തിയത്. വേദവ്യാസ ജയന്തി -വ്യാസ പൗര്‍ണമിയുടെ ഭാഗമായണ് നിര്‍ബന്ധിത പാദ പൂജ നടത്തിയത്.

എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി ഈ സ്‌കൂളില്‍ പരിപാടി നടത്താറുണ്ടെന്നും ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമിരിക്കെയാണ് ആര്‍.എസ്.എസ് പരിപാടി സംഘടിപ്പിച്ചത്. ചേര്‍പ്പ് സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more