കോഴിക്കോട്: എമ്പുരാന്‍ സിനിമക്കെതിരായ സംഘ്പരിവാര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. സംഘ്പരിവാറിന് എപ്പോഴും ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്നവ നിര്‍മിക്കാനുള്ള സ്വാതന്ത്ര്യമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
‘സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണെന്നും ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണെന്നും എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നത് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലെ എക്കാലത്തെയും ബിഗ്ബഡ്ജറ്റ് ചിത്രമായ എമ്പുരാന്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജാണ് സംവിധാനം ചെയ്തത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് വെറും 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ കയറാനും എമ്പുരാന് കഴിഞ്ഞു.
സിനിമയിലെ ചില ഭാഗങ്ങള്‍ വിവാദമായതോടെ സംഘ്പരിവാര്‍ സംഘടനകളില്‍ നിന്ന് ആക്രമണം നേരിടുകയും സിനിമക്ക് മാറ്റം വരുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സിനിമയുടെ റീ എഡിറ്റിങ്ങില്‍ തീരുമാനമായില്ല എന്ന വാര്‍ത്തകളുമുണ്ട്. നിര്‍മാതാക്കള്‍ റീ എഡിറ്റിങ് ആവശ്യം ഉന്നയിച്ച് സെന്‍സര്‍ ബോര്‍ഡില്‍ ഇതുവരെയും അപേക്ഷ നല്‍കിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴിയാണ് റീ എഡിറ്റിങ് ആവശ്യം നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനെ അറിയിക്കേണ്ടത്.
എന്നാല്‍ ഇതുവരെയും നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് സിനിമയുടെ റീ എഡിറ്റിങ്ങുമായി ബന്ധപ്പെട്ട അപേക്ഷ സെന്‍സര്‍ ബോര്‍ഡിന് ലഭിച്ചിട്ടില്ല. അപേക്ഷ ലഭിച്ച ശേഷമായിരിക്കും സെന്‍സര്‍ ബോര്‍ഡ് എമ്പുരാന്‍ വീണ്ടും കാണുക. അതിന് ശേഷം മാത്രമായിരിക്കും ചിത്രത്തിന്റെ പുതിയ പതിപ്പ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക.
Content Highlight: For the Sangh Parivar, freedom of expression means the freedom to create what is favorable to them: V.D. Satheeshan