ഹൈദരാബാദ്: സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി ചന്ദ്രശേഖര റാവു അധികാരത്തിന് പുറത്തേക്ക് പോകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് തെലങ്കാനയില്‍ ഉണ്ടായിരിക്കുന്നത്. 2014ല്‍ തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും മൃഗീയ ഭൂരിപക്ഷത്തോടെയായിരുന്നു കെ.എസി.ആറിന്റെ പാര്‍ട്ടി അധികാരത്തിലെത്തിയത്.
കോണ്‍ഗ്രസിന് ശക്തമായ സംഘടന ബലമുണ്ടായിരുന്ന ആന്ധ്രയുടെ ഭാഗമായിരുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിക്കൊണ്ടായിരുന്നു ടി.ആര്‍.എസിന്റെ വിജയം. എന്നാല്‍ അതേ കെ.സി.ആറിന്റെ അടിത്തറ ഇളക്കിക്കൊണ്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആദ്യമായി തെലങ്കാനയില്‍ അധികാരത്തിലേക്ക് വരുന്നത്.
രണ്ട് തവണ തുടര്‍ച്ചയായി തെലങ്കാനയില്‍ അധികാരത്തില്‍ വന്നതോടെ ദേശീയ രാഷ്ട്രീയത്തിലെ വളര്‍ച്ച കൂടി കെ.സി.ആര്‍ സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നങ്ങള്‍ക്ക് കൂടിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായിരിക്കുന്നത്. ഒരു ഘട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന മോഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ വളര്‍ച്ച സ്വപ്‌നം കണ്ട് പാര്‍ട്ടിയുടെ പേര് ടി.ആര്‍.എസ്സില്‍ നിന്ന് ബി.ആര്‍.എസ് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.
ഏറ്റവും ഒടുവിലെ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ തെലങ്കാനയില്‍ 119 സീറ്റില്‍ 67 സീറ്റില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. 37 സീറ്റുകളില്‍ മാത്രമാണ് ബി.ആര്‍.എസ് ലീഡ് ചെയ്യുന്നത്. ഗജ്വേല്‍, കാമറെഡ്ഡി എന്നീ രണ്ട് മണ്ഡലങ്ങളില്‍നിന്നാണ് കെ.സി.ആര്‍. ജനവിധി തേടിയിരുന്നത്. കാമറെഡ്ഡിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും പി.സി.സി പ്രസിഡന്റുമായ രേവന്ത് റെഡ്ഡിയാണ് മുന്നിട്ട് നില്‍ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
content highlights: For the first time since the formation of Telangana, KCR is out of power