ജയം, തോല്‍ക്കാതെ പിടിച്ചുനില്‍ക്കുന്നത് ഇതാദ്യം; തലയുയര്‍ത്തി നിന്ന് ശ്രീലങ്ക
Sports News
ജയം, തോല്‍ക്കാതെ പിടിച്ചുനില്‍ക്കുന്നത് ഇതാദ്യം; തലയുയര്‍ത്തി നിന്ന് ശ്രീലങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th August 2024, 8:28 am

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് ജയം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനാണ് ശ്രീലങ്ക വിജയിച്ചുകയറിയത്. ലങ്ക ഉയര്‍ത്തിയ 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 208ന് പുറത്തായി.

ഈ വിജയത്തിന് പിന്നാലെ പരമ്പര തോല്‍ക്കാതെ പിടിച്ചുനില്‍ക്കാനും ശ്രീലങ്കക്കായി. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിക്കുകയും രണ്ടാം മത്സരത്തില്‍ വിജയിക്കുകയും ചെയ്തതോടെയാണ് ആതിഥേയര്‍ പരമ്പര തോല്‍ക്കില്ല എന്ന കാര്യം ഉറപ്പായിരിക്കുന്നത്.

1997ന് ശേഷം ഇതാദ്യമായാണ് ഇന്ത്യക്കെതിരെ നടക്കുന്ന ഒരു ബൈലാറ്ററല്‍ ഏകദിന പരമ്പരയില്‍ ശ്രീലങ്ക തോല്‍ക്കാതെ പിടിച്ചുനില്‍ക്കുന്നത് (മുഴുവനായും വാഷ്ഔട്ടായ സീരീസ് ഉള്‍പ്പെടുത്താതെ). ഇന്ത്യയുടെ ലങ്കന്‍ പര്യടനമായാലും ലങ്കയുടെ ഇന്ത്യന്‍ പര്യടനമായാലും കഴിഞ്ഞ 27 വര്‍ഷമായി ഏകദിന പരമ്പരയില്‍ ലങ്കന്‍ പടയ്ക്ക് തോല്‍വി മാത്രമായിരുന്നു ഫലം.

ഓഗസ്റ്റ് ഏഴിന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ 1997ന് ശേഷം ഇന്ത്യക്കെതിരെ നേടുന്ന ആദ്യ ഏകദിന പരമ്പര എന്ന നേട്ടവും ലങ്കയുടെ പേരില്‍ കുറിക്കപ്പെടും.

മൂന്നാം മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കുകയോ സമനിലയില്‍ അവസാനിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍ ഇന്ത്യക്ക് സീരീസ് നഷ്ടപ്പെടുമെന്നുറപ്പാണ്. ഇക്കാരണത്താല്‍ തന്നെ മത്സരം നടക്കേണ്ടതും അതില്‍ വിജയിക്കേണ്ടതും ഇന്ത്യയുടെ മാത്രം ആവശ്യമാണ്.

കഴിഞ്ഞ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക കാമിന്ദു മെന്‍ഡിസ്, അവിഷ്‌ക ഫെര്‍ണാണ്ടോ, ദുനിത് വെല്ലാലാഗെ എന്നിവരുടെ കരുത്തിലാണ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 240ലെത്തിയത്.

മെന്‍ഡിസ് 44 പന്തില്‍ 40 റണ്‍സും ഫെര്‍ണാണ്ടോ 62 പന്തില്‍ 40 റണ്‍സും നേടി പുറത്തായപ്പോള്‍ ദുനിത് വെല്ലാലാഗെ 35 പന്തില്‍ 39 റണ്‍സും നേടി.

ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി. രണ്ട് ലങ്കന്‍ താരങ്ങള്‍ റണ്‍ ഔട്ടായി മടങ്ങിയപ്പോള്‍ അക്‌സര്‍ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

241 എന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

44 പന്തില്‍ 64 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. നാല് സിക്‌സറും അഞ്ച് ഫോറും അടക്കം 145.45 സ്‌ട്രൈക്ക് റേറ്റിലായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട്.

116ല്‍ നില്‍ക്കവെ 44 പന്തില്‍ 35 റണ്‍സ് നേടിയ ഗില്ലും പുറത്തായി.

മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല. ശിവം ദുബെ നാല് പന്ത് നേരിട്ട് പുറത്തായപ്പോള്‍ സില്‍വര്‍ ഡക്കായാണ് കെ.എല്‍. രാഹുല്‍ പുറത്തായത്. ഒമ്പത് പന്ത് നേരിട്ട് ഏഴ് റണ്‍സുമായി ശ്രേയസ് അയ്യരും 19 പന്തില്‍ 14 റണ്‍സുമായി വിരാട് കോഹ്‌ലിയും പുറത്തായി.

രണ്ട് സിക്‌സറും നാല് ഫോറും അടക്കം 44 പന്തില്‍ 44 റണ്‍സ് നേടിയ അക്‌സര്‍ പട്ടേല്‍ മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്.

ഒടുവില്‍ 42.2 ഓവറില്‍ 208ന് ഇന്ത്യ പുറത്തായി.

പത്ത് ഓവര്‍ പന്തെറിഞ്ഞ് വെറും 33 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് നേടിയ ജെഫ്രി വാന്‍ഡെര്‍സായ് ആണ് ഇന്ത്യന്‍ നിരയുടെ നടുവൊടിച്ചത്. രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശിവം ദുബെ, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ എന്നിവരെയാണ് വാന്‍ഡെര്‍സായ് പുറത്താക്കിയത്.

ക്യാപ്റ്റന്‍ അസലങ്ക മൂന്ന് വിക്കറ്റും സ്വന്തമാക്കി.

ഓഗസ്റ്റ് ഏഴിനാണ് പരമ്പരയിലെ അവസാന മത്സരം. കൊളംബോ തന്നെയാണ് വേദി.

 

Content Highlight: For the first time since 1997, Sri Lanka did not lose an ODI bilateral series vs India