|

ഒഡീഷയില്‍ ആദ്യമായി ഒരു മുസ്‌ലിം വനിതാ എം.എല്‍.എ നിയമസഭയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുതുചരിത്രം കുറിച്ച് ഒഡീഷ. സംസ്ഥാനത്ത് ആദ്യമായി ഒരു മുസ്‌ലിം വനിതാ എം.എല്‍.എ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സോഫിയ ഫിര്‍ദൗസാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പൂര്‍ണചന്ദ്ര മഹാപാത്രയെ പരാജയപ്പെടുത്തിയാണ് സോഫിയയുടെ വിജയം. 8001 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 53339 വോട്ടോടുകൂടിയാണ് മഹാപാത്രയെ സോഫിയ ഫിര്‍ദൗസ് തോല്‍പ്പിച്ചത്.

സിറ്റിങ് എം.എല്‍.എയും പിതാവുമായ മുഹമ്മദ് മൊക്വിമിന് സീറ്റ് നല്‍കാതെയാണ് സോഫിയ ഫിര്‍ദൗസിനെ കോണ്‍ഗ്രസ് ഇത്തവണ മത്സരിപ്പിച്ചത്. വായ്പാ തട്ടിപ്പ് കേസില്‍ മൊക്വിമിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സോഫിയയെ ഈ സീറ്റില്‍ നിന്ന് നാമനിര്‍ദേശം ചെയ്തത്.

32കാരിയായ സോഫിയ ഫിര്‍ദൗസ് ഒരു സിവില്‍ എഞ്ചിനീയറും റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ഡയറക്ടറുമാണ്. 2023ല്‍ ഭുവനേശ്വര്‍ ചാപ്റ്റര്‍ ക്രെഡിയയുടെ പ്രസിഡന്റായി സോഫിയ ഫിര്‍ദൗസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയത്തിന് പിന്നാലെ നിരവധി നേതാക്കളാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

അതേസമയം 24 വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി നവീന്‍പട്നായികിന് ഒഡീഷയില്‍ അധികാരം നഷ്ടപ്പെട്ടു. ഒഡീഷയിലെ 147 അംഗ നിയമസഭയില്‍ 78 സീറ്റുകള്‍ നേടി ബി.ജെ.പി ഭൂരിപക്ഷം കൈവരിച്ചു.

ഭരണകക്ഷിയായ ബിജു ജനതാദളിന് 51 സീറ്റ് മാത്രമാണ് നേടാനായത്. 2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.ഡി 113 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ അന്ന് ബി.ജെ.പിക്ക് 23 സീറ്റുകളും കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകളുമാണ് ലഭിച്ചത്. ആ സ്ഥാനത്താണ് പാര്‍ട്ടിക്ക് വലിയൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്. പട്നായിക്കിന്റെ ക്യാബിനറ്റിലെ നിരവധി ബി.ജെ.ഡി നേതാക്കളാണ് ദയനീയ പരാജയങ്ങള്‍ നേരിട്ടത്.

Content Highlight: For the first time in Odisha, a Muslim woman MLA to the Legislative Assembly