ഐ.പി.എല്ലില്‍ ആരാധകര്‍ ഏറെ ആകാംക്ഷാപൂര്‍വം കണുന്ന മത്സരങ്ങളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഹെഡ് റ്റു ഹെഡ് മത്സരങ്ങള്‍. ഐ.പി.എല്ലിന്റെ ഫൈനലിലടക്കം പല തവണ ഇരുടീമുകളും പരസ്പരം കൊമ്പുകോര്‍ത്തവരാണ്. ഈ മത്സരങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവയുമാണ്.
എല്‍ ക്ലാസിക്കോയുടെ ചരിത്രത്തില്‍ ഏറെ പ്രസക്തിയുള്ള മത്സരമാണ് ഇന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. മുംബൈയുടെയും ചെന്നൈയുടെയും രണ്ട് ഇതിഹാസ താരങ്ങളില്ലാത്ത ആദ്യ മത്സരം എന്ന നിലയിലാണ് ഈ പോരാട്ടം ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ താരമായ ഡ്വെയ്ന്‍ ബ്രാവോയുടെയും മുംബൈ ലെജന്‍ഡ് കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെയും അഭാവമണ് ഈ എല്‍ ക്ലാസിക്കോ മത്സരത്തെ ചരിത്രത്തിന്റെ ഭാഗമാക്കുന്നത്.
ഇരുവരും ടൂര്‍ണമെന്റിന്റെ ഭാഗമായതിന് ശേഷം ഐ.പി.എല്ലില്‍ മുംബൈയും ചെന്നൈയും ഏറ്റമുട്ടിയപ്പോഴെല്ലാം തന്നെ ഇവര്‍ ടീമിനൊപ്പമുണ്ടായിരുന്നു. മത്സരത്തിനിടെ കമന്റേറ്റര്‍മാര്‍ ഇക്കാര്യം പറഞ്ഞപ്പോഴായിരുന്നു പലരും ഇക്കാര്യം ശ്രദ്ധിച്ചതുപോലും.
ഐ.പി.എല്ലിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ ബ്രാവോയും മുംബൈ ഇന്ത്യന്‍സിന്റെ നെടുംതൂണും ടീമിനെ പല തവണ കിരീടത്തിലേക്ക് നയിച്ച ബ്രാവോയും തമ്മിലുള്ള പോരാട്ടത്തിന് ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടായിരുന്നു.
കഴിഞ്ഞ സീസണോടെയാണ് രണ്ട് പേരും ഐ.പി.എല്ലിനോട് വിടപറഞ്ഞത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് വിട പറഞ്ഞ് പോകാന്‍ ബ്രാവോ ഒരുക്കമായിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പുതിയ ബൗളിങ് കോച്ചായിട്ടായിരുന്നു വിരമിച്ചതിന് ശേഷം താരം മടങ്ങിയെത്തിയത്.
നേരത്തെ, കെയ്റോണ്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സില്‍ നിന്നും വിരമിച്ചിരുന്നു. വിരമിച്ച ശേഷം പൊള്ളാര്‍ഡിനെ ടീമിന്റെ ബാറ്റിങ് കോച്ചായി നിയമിച്ചുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് മറ്റ് ഫ്രാഞ്ചൈസികളെ ഞെട്ടിച്ചത്.