| Monday, 18th March 2024, 11:42 am

ചരിത്രത്തിലാദ്യം; അഞ്ച് കപ്പടിച്ച ചെന്നൈക്കും മുംബൈക്കും പോലുമില്ലാത്ത നേട്ടം; ആദ്യ കിരീടത്തില്‍ ഐതിഹാസിക നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണില്‍ സ്മൃതി മന്ഥാനയും കിരീടമുയര്‍ത്തിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീട വരള്‍ച്ചക്ക് അറുതിയായിരിക്കുകയാണ്. അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് വിജയം സ്വന്തമാക്കിയത്.

ദല്‍ഹി ഉയര്‍ത്തിയ 114 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം മറികടന്നാണ് ബെംഗളൂരു ആദ്യ കിരീടം തങ്ങളുടെ ഷെല്‍ഫിലെത്തിച്ചത്.

ബൗളര്‍മാരുടെ കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് വിജയിച്ചുകയറിയത്. ശ്രേയാങ്ക പാട്ടീല്‍ നാല് വിക്കറ്റുകള്‍ പിഴുതെറിഞ്ഞപ്പോള്‍ സോഫി മോളിനെക്‌സ് മൂന്നും ശോഭന ആശ രണ്ട് വിക്കറ്റുകളും നേടി.

ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ അതിഗംഭീരമായി പൂര്‍ത്തിയാക്കിയപ്പോള്‍ തങ്ങളുടെ ചുമതല ബാറ്റര്‍മാരും നിറവേറ്റി. 120 പന്തില്‍ 114 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബെംഗളൂരു ബാറ്റര്‍മാര്‍ അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ സെന്‍സിബിളായാണ് കളിച്ചത്. ഒടുവില്‍ അവസാന ഓവറിലാണ് ബെംഗളൂരു ഈ ചെറിയ ലക്ഷ്യം മറികടന്നതും കപ്പുയര്‍ത്തിയതും.

ഫൈനലില്‍ സൂപ്പര്‍ താരം എല്ലിസ് പെറിയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോററായത്. 37 പന്തില്‍ പുറത്താകാതെ 35 റണ്‍സാണ് താരം നേടിയത്. സോഫി ഡിവൈന്‍ 27 പന്തില്‍ 32 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ സ്മൃതി മന്ഥാന 39 പന്തില്‍ 31 റണ്‍സും നേടി പുറത്തായി.

14 പന്തില്‍ പുറത്താകാതെ 17 റണ്‍സടിച്ച റിച്ച ഘോഷാണ് വിജയ റണ്‍ നേടിയത്.

ഫൈനലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ശ്രേയാങ്ക പാട്ടീലിനെ തേടി വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പും എല്ലിസ് പെറി റണ്‍ വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു.

ഇതിന് പുറമെ റോയല്‍ ചലഞ്ചേഴ്‌സ് കപ്പുയര്‍ത്തുകയും ചെയ്തതോടെ ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഫ്രാഞ്ചൈസി ലീഗിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും കിരീടവും സ്വന്തമാക്കുന്നത്.

ഐപി.എല്ലിന്റെ 16 സീസണിലും വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണിലും ഇത്തരത്തില്‍ ഒരു നേട്ടം പിറവിയെടുത്തിരുന്നില്ല.

കംപ്ലീറ്റ് ഡോമിനേഷനിലൂടെയാണ് ആര്‍.സി.ബി തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടിയിരിക്കുന്നത്.

ഇതിന് പുറമെ മറ്റ് പല റെക്കോഡുകളും പുരസ്‌കാരങ്ങളും റോയല്‍ ചലഞ്ചേഴ്‌സിനെ തേടിയെത്തിയിരുന്നു. സീസണിലെ എമര്‍ജിങ് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത് പര്‍പ്പിള്‍ ക്യാപ്പ് വിന്നര്‍ കൂടിയായ സൂപ്പര്‍ താരം ശ്രേയാങ്ക പാട്ടിലിനെയായിരുന്നു. ബൗളിങ്ങിന് പുറമെ ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.

സീസണിലെ സൂപ്പര്‍ സ്‌ട്രൈക്കര്‍ പുരസ്‌കാരവും റോയല്‍ ചലഞ്ചേഴ്‌സ് താരമാണ് സ്വന്തമാക്കിയത്. ആര്‍.സി.ബിയുടെ ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ ജോര്‍ജിയ വെര്‍ഹാമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

Content highlight: For the first time in history, the title, orange cap and purple cap went to one team

We use cookies to give you the best possible experience. Learn more