തിരുവനന്തപുരം: പുതിയ വാഹനത്തില്‍ ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ഇനി ഓടിക്കേണ്ടതില്ല. സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ വെച്ചുതന്നെ അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കും.
അതിസുരക്ഷ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ ഡീലര്‍ക്ക് കനത്ത പിഴ ചുമത്തും. 10 വര്‍ഷത്തെ റോഡ് നികുതിക്ക് തുല്യമായ തുകയായിരിക്കും പിഴ.
രജിസ്‌ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കിയാണ് ഇത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്.
ഇളക്കി മാറ്റാന്‍ കഴിയാത്ത രീതിയിലുള്ള നമ്പര്‍പ്ലേറ്റുകളാവും ഇത്തരത്തില്‍ സ്ഥാപിക്കുക. നമ്പര്‍ പ്ലേറ്റുകളിലെ കൃത്രിമത്വം കാണിക്കല്‍ ഇതിലൂടെ തടയാനാവുമെന്നാണ് കണക്കുകൂട്ടുന്നത്.