യോഗി പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു; ഹോളി നിറങ്ങളില്‍ നിന്നും സംരക്ഷണത്തിനായി അലിഗഢിലെ മുസ്‌ലിം പള്ളി തുണി കൊണ്ടു മൂടി
Holi Celebration
യോഗി പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു; ഹോളി നിറങ്ങളില്‍ നിന്നും സംരക്ഷണത്തിനായി അലിഗഢിലെ മുസ്‌ലിം പള്ളി തുണി കൊണ്ടു മൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd March 2018, 10:13 am

ആഗ്ര: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷങ്ങള്‍ക്കിടെ സമാധാനം ഉറപ്പു വരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിച്ച് അലിഗഢിലെ മുസ്‌ലിം പള്ളി. സമാധാനം ഉറപ്പുവരുത്താനായി ആരാധനാലയങ്ങള്‍ മൂടേണ്ടിവരികയാണെങ്കില്‍ അതും ചെയ്യണമെന്നാണ് യോഗി ദിവസങ്ങള്‍ക്കു മുന്‍പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ആരാധനാലയങ്ങള്‍ക്കുമേല്‍ മന:പൂര്‍വ്വമോ അല്ലാതെയോ നിറങ്ങള്‍ വീഴാതിരിക്കാന്‍ വേണ്ടിയാണ് യോഗി ഈ നിര്‍ദ്ദേശം നല്‍കിയത്.

അലിഗഢിലെ ദശകങ്ങള്‍ പഴക്കമുള്ള പള്ളിയായ സബ്ജി മംഡി മോസ്‌കാണ് തുണി ഉപയോഗിച്ച് ഒന്നാകെ മറച്ചത്. മുസ്‌ലിങ്ങളുടെ പ്രധാന ദിവസമായ വെള്ളിയാഴ്ചയാണ് ഹോളി എത്തുന്നത് എന്നതിനാല്‍ ഈ തീരുമാനം അത്യാവശ്യമായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിറങ്ങള്‍ നിറച്ച ബലൂണുകള്‍ ആരാധനാലയങ്ങള്‍ക്കു മേല്‍ എറിഞ്ഞതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ മുന്‍പ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് പള്ളി തുണി ഉപയോഗിച്ച് മൂടിയത് എന്ന് അലിഗഢ് പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ പറഞ്ഞു. നമസ്‌കാര സമയം അരമണിക്കൂര്‍ സമയത്തേക്ക് മാറ്റിവെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകോപനപരമായ കാര്യങ്ങള്‍ ഒഴിവാക്കാനാണ് ഈ മുന്നറിയിപ്പുകള്‍ സ്വീകരിച്ചതെന്ന് അലിഗഢിലെ മുസ്‌ലിം പുരോഹിതനായ ഖാലിദ് ഹമീദ് പറഞ്ഞു. സമാധാനവും സാമൂഹ്യ ഐക്യവും പാലിക്കാനായുള്ള നടപടിയായതിനാല്‍ നമസ്‌കാരസമയം മാറ്റിയതില്‍ സമുദായാംഗങ്ങള്‍ക്ക് ഇതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറയുന്നു.

പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ പള്ളികള്‍ ആഘോഷവേളകളില്‍ മുന്‍പും ഇതുപോലെ മൂടിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സമാധാനം ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയത്. ഹോളിയോട് അനുബന്ധിച്ച് നിറങ്ങള്‍ പൂശുന്നതും അതുകൊണ്ടുണ്ടാവുന്ന വിവാദങ്ങളും ഒഴിവാക്കാനായി ആവശ്യമെങ്കില്‍ ആരാധനാലയങ്ങള്‍ മൂടണമെന്നാണ് യോഗി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.