കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പു റാലിയില്‍ ആളുകളെ എത്തിക്കാനായി ബി.ജെ.പി ചിലവഴിച്ചത് 53 ലക്ഷം രൂപ.
നാല് പ്രത്യേക ട്രെയിനുകളാണ് ബി.ജെ.പി ബംഗാള്‍ യൂണിറ്റ് ഇതിനായി തയ്യാറാക്കിയത്. ഏതാണ്ട് 53 ലക്ഷം രൂപ ഇതിന് മാത്രമായി ചിലവാക്കിയന്ന് ബംഗ്ലാ ന്യൂസ് ഡെയ്‌ലിയായ അനന്തബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു.
ജര്‍ഗ്രാം ലാല്‍ഗോള, റാംപൂര്‍ഹട്ട് എന്നിവിടങ്ങളില്‍ നിന്നാണ് ഹൗറ സ്റ്റേഷനിലേക്ക് പ്രത്യേക ട്രെയിന്‍ എത്തുന്നത്. പശ്ചിമബംഗാളിലില്‍ നിന്നും സൗത്ത് 24 പര്‍ഗാനയില്‍ നിന്നും ആളുകള്‍ എത്തുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.
കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിലാണ് മോദി റാലി നടത്തുന്നത്. ഇതേ ഗ്രൗണ്ടില്‍ വെച്ചായിരുന്നു മമത ബാനര്‍ജി പ്രതിപക്ഷ ഐക്യ റാലിയും സംഘടിപ്പിച്ചത്.
പ്രധാനമന്ത്രിയെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പ്രധാന്യം കൊടുക്കുന്ന റാലിയാണ് ബംഗാളിലേത്. ഇക്കാര്യം പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. കൊല്‍ക്കത്തയിലും സിലിഗുരിയിലുമാണ് മോദി റാലി നടത്തുന്നത്. മോദിയുടെ റാലിയില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരിക്കണമെന്ന നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഇത്രയും തുക മുടക്കി ആളുകളെ എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ഗ്രൗണ്ട് ആളുകളെ കൊണ്ട് നിറച്ച പാര്‍ട്ടിയെന്ന അംഗീകാരം ബി.ജെ.പിക്ക് ആയിരിക്കുമെന്നാണ് ബി.ജെ.പി സ്റ്റേറ്റ് കമ്മിറ്റി നേതാവ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്.
ബ്രിഗേഡ് ഗ്രൗണ്ടില്‍ റാലി നടത്താന്‍ കൊല്‍ക്കത്ത പൊലീസിന്റെ അനുമതി മാത്രം പോരെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇന്ത്യന്‍ ആര്‍മിയുടേയും അനുമതി വേണ്ടിയിരുന്നുവെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു.
കവാക്കാലി ഗ്രൗണ്ടില്‍ വെച്ച് റാലി നടത്താനായിരുന്നു പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ വേദി മാറ്റുകയായിരുന്നു.