ഹൈദരാബാദ്: രാജ്യത്തെ കര്‍ഷകരുടെ ദുരിതം കണ്ടില്ലെന്നു നടിച്ച് പിറന്നാള്‍ ആഘോഷം ആര്‍ഭാടമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍. മോദിയ്ക്ക് 68 പൈസയുടെ ചെക്ക് അയച്ചുകൊണ്ടാണ്
കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.
വരള്‍ച്ചകാരണം കൃഷി നാശം വന്ന കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രായലസീമയിലെ സംഘടനയായ രായലസീമ സാഗുനീതി സാധന സമിതിയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി 400 ചെക്കുകളാണ് ഇവര്‍ പ്രധാനമന്ത്രിക്ക് അയച്ചത്.
“ഞങ്ങളുടെ പിന്നോക്കാവസ്ഥ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടാന്‍ വേണ്ടിയാണ് ഞങ്ങള്‍ 68 പൈസയുടെ ചെക്ക് അയക്കുന്നത്.” സംഘടനയുടെ കണ്‍വീനര്‍ യേര രാമചന്ദ്ര റെഡ്ഡി പറഞ്ഞു.
ഉറവിടങ്ങള്‍ ഒരുപാടുണ്ടായിട്ടും രാജ്യത്തെ ഏറ്റവും പിന്നോക്കം ചെന്ന മേഖലയായി രായലസീമ തുടരുകയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കൃഷ്ണ, പെന്ന തുടങ്ങിയ നദികള്‍ അതുവഴി കടന്നുപോകുന്നുണ്ടെങ്കില്‍ കുര്‍നൂള്‍, അനന്ത്പൂര്‍, ചിറ്റൂര്‍, കടപ്പ തുടങ്ങിയ ജില്ലകള്‍ ഇപ്പോഴും വരള്‍ച്ചയുടെ പിടിയിലാണെന്നും ഇവര്‍ പറയുന്നു.
“മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയും രായലസീമയില്‍ നിന്നുള്ളയാളാണ്. എന്നിട്ടും അവര്‍ ഇവിടുത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല. കാരണം ഇവിടെ വെറും 54 എം.എല്‍.എ സീറ്റുകള്‍ മാത്രമാണുള്ളത്.” അദ്ദേഹം പറയുന്നു.