അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയിലെ തൂക്കുപാല ദുരന്തമുണ്ടായ പ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. 135 ഓളം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരേയും പ്രധാനമന്ത്രി കാണും.
ഇതിനിടെ ദുരന്തത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി തിരക്കുപിടിച്ച് ഒറ്റ രാത്രിക്കൊണ്ട് പെയിന്റിങ്ങും മറ്റ് അറ്റകുറ്റപണികളും ധൃതിപിടിച്ച് നടത്തി നവീകരിച്ചത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കി. പ്രധാനമന്ത്രിയുടെ മോദിയുടെ സന്ദര്‍ശനം പ്രമാണിച്ചാണ് തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ മിനുക്കുപണി നടന്നത്.
തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 100ല്‍ അധികം പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരെയും മോര്‍ബി സിവില്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ വ്യാപക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ആശുപത്രിയുടെ ചുമരുകളില്‍ പെയിന്റടിച്ചു. പുതിയ വാട്ടര്‍ കൂളറുകള്‍ എത്തിച്ചു. ദുരന്തത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച വാര്‍ഡുകളില്‍ ബെഡ് ഷീറ്റുകളെല്ലാം മാറ്റി. രാത്രി വൈകിയും ചൊവ്വാഴ്ച പുലര്‍ച്ചെ വരെയും നിരവധി തൊഴിലാളികാണ് ആശുപത്രിയില്‍ ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്. പ്രധാനമന്ത്രി സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പെയിന്റടിച്ചിട്ടുണ്ട്. ടൈലുകളടക്കം മാറ്റുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ദുരന്തപ്രദേശത്ത് പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ട് ഉറപ്പാക്കാന്‍ ബി.ജെ.പി ഇവന്റ് മാനേജ്‌മെന്റ് തിരക്കിലാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചു. ‘ദുരന്ത ഇവന്റ്’ എന്ന അടികുറിപ്പോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.
‘നാളെ പ്രധാനമന്ത്രി മോദി മോര്‍ബിയിലെ സിവില്‍ ആശുപത്രി സന്ദര്‍ശിക്കും. അതിനു മുന്നോടിയായി, പെയിന്റിങ് നടക്കുന്നു, തിളങ്ങുന്ന ടൈലുകള്‍ ഇടുന്നു. പ്രധാനമന്ത്രിയുടെ ചിത്രങ്ങളില്‍ അപാകതയില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തുവരികയാണ്. ഇവര്‍ക്ക് ഒരു നാണവുമില്ല. ഒരുപാട് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോഴും അവര്‍ ഇവന്റ് മാനേജ്‌മെന്റിന്റെ തിരക്കിലാണ്’ എന്നാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.
‘പ്രധാനമന്ത്രിയുടെ നാളത്തെ ഫോട്ടോഷൂട്ടിന് ഒരു കുറവും വരാതിരിക്കാനുള്ള തിരക്കിലാണവര്‍. കഴിഞ്ഞ 27 വര്‍ഷം എന്തെങ്കിലും ഒന്ന് ചെയ്തിരുന്നെങ്കില്‍ ഈ അര്‍ധരാത്രി ഇത്രയും തൊഴിലാളികളെ കൊണ്ട് തിരക്കിട്ട് പണിയെടുപ്പിക്കേണ്ടിതില്ലായിരുന്നു,’ എന്നാണ് ആം ആദ്മി പാര്‍ട്ടി ഈ നടപടിയെ പരിഹസിച്ചത്.
Content Highlight: For PM Modi’s Visit, Morbi Hospital’s Overnight Clean-Up After Bridge Tragedy