വാഷിംഗ്ടണ്‍: രാജ്യം 244ാം സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോഴും വിദ്വേഷ പ്രസംഗവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇടതുപക്ഷക്കാര്‍, കൊള്ളക്കാര്‍, പ്രക്ഷോഭകര്‍ എന്നീ ശത്രുക്കളില്‍ നിന്ന് രാജ്യത്തിന്റെ മൂല്യം സംരക്ഷിക്കണമെന്നാണ് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ട്രംപ് പറഞ്ഞത്.
ഇടതുപക്ഷം, അരാജകവാദികള്‍, പ്രക്ഷോഭകര്‍, കൊള്ളക്കാര്‍ എന്നിവരെ അടിച്ചമര്‍ത്തുന്ന പ്രക്രിയയിലാണ് അമേരിക്കയെന്നും ട്രംപ് പറഞ്ഞു. 1942 ല്‍ കൊളംബസ് അമേരിക്ക കണ്ടെത്തിയതു മുതല്‍ ഉള്ള അമേരിക്കന്‍ ജീവിത രീതി സംരക്ഷിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
” തീവ്ര ഇടതുപക്ഷം, അരാജകവാദികള്‍, പ്രക്ഷോഭകര്‍, കൊള്ളക്കാര്‍ എന്നിവരെ അടിച്ചമര്‍ത്തുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ നമ്മള്‍. നിരവധി സന്ദര്‍ഭങ്ങളില്‍ അവര്‍ എന്താണ് ചെയ്യുന്നത് എന്നതിന് യാതൊരു സൂചനയും ഇല്ല. ഇളകിമറിഞ്ഞ ഒരു ജനക്കൂട്ടത്തെ നമ്മുടെ പ്രതിമകള്‍ കീറാനും ചരിത്രം മായ്ക്കാനും കുട്ടികളെ പഠിപ്പിക്കാനും നമ്മള്‍ ഒരിക്കലും അനുവദിക്കില്ല,” ട്രംപ് പറഞ്ഞു.
ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷ്യംവഹിച്ചത്. ആയിരക്കണക്കിന് ആളുകളാണ് വംശിയ വേര്‍തിരിവിനെതിരെ അമേരിക്കന്‍ തെരുവുകളില്‍ ഇറങ്ങിയത്.