ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിനായി വ്യോമപാത ഉപയോഗിക്കാനുള്ള അനുമതിക്കായി ഇന്ത്യ പാക്കിസ്ഥാനെ സമീപിച്ചു. വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ ഔദ്യോഗികമായി അഭ്യര്‍ഥന നടത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇതു സംബന്ധിച്ച് പാക്കിസ്ഥാന്‍ മറുപടിയൊന്നും നല്‍കിയിട്ടില്ല. സെപ്റ്റംബര്‍ 21-ന് യു.എസിലേക്ക് പറക്കുന്ന മോദി 27-നാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കുക. നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ്ലന്റ് യാത്രയ്ക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു.
ബാലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണക്യാമ്പില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ പൂര്‍ണമായും പാകിസ്താന്‍ വ്യോമപാത അടച്ചിരുന്നു. പിന്നീട് മാര്‍ച്ചില്‍ ന്യൂദല്‍ഹി, ബാങ്കോക്ക്, ക്വാലാലംപുര്‍ എന്നിവടങ്ങളൊഴിച്ചു നിര്‍ത്തി വ്യോമപാത തുറന്നു. ഒടുവില്‍ ജൂലൈ 16-നാണ് പൂര്‍ണമായും വ്യോമപാത തുറന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഏകപക്ഷീയമായ തീരുമാനമാണ് പാക്കിസ്ഥാന്റേതെന്ന് ഇന്ത്യ വിമര്‍ശിച്ചിരുന്നു. പാക് നിലപാട് അര്‍ത്ഥശൂന്യമാണ്. രാഷ്ട്രനേതാക്കളുടെ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് പതിവെന്നും ഇന്ത്യ വ്യക്തമാക്കി.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നയതന്ത്ര കാര്യങ്ങളില്‍ ഇന്ത്യയുടെ സമീപകാലത്തെ പെരുമാറ്റമാണ് ഈ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നു ഖുറേഷി പറഞ്ഞിരുന്നു ഇങ്ങനെയൊരു അസാധാരണമായ തീരുമാനമെടുക്കുന്നതിനു പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാക് വ്യോമപാത അടച്ചതുകൊണ്ട് എയര്‍ ഇന്ത്യക്കു പ്രതിദിനം 13 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി നേരത്തേ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.