ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്താനായി പതിനെട്ടടവും പയറ്റാനൊരുങ്ങി ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന നേതാക്കളുടെ 40 അംഗ പട്ടിക ബി.ജെ.പി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഉള്‍പ്പെടെ ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം മധ്യപ്രദേശിലെത്തും.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മധ്യപ്രദേശില്‍ ഭരണം കൈയാളുന്ന ബി.ജെ.പിയുടെ പ്രതിച്ഛായയ്ക്ക് വ്യാപം അഴിമതിയുടേയും മന്ദ്‌സൗര്‍ പ്രക്ഷോഭത്തിന്റേയും പശ്ചാത്തലത്തില്‍ മങ്ങലേറ്റിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കമല്‍നാഥ് എന്നിവര്‍ ഈ സാഹചര്യങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നുമുണ്ട്. കോണ്‍ഗ്രസിന്റെ പ്രചരണത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പിയുടെ പ്രധാനനേതാക്കളെയെല്ലാം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി, നടിയും ബി.ജെ.പി എംപിയുമായ ഹേമമാലിനി തുടങ്ങിയവര്‍ പ്രചാരണത്തിനായി മധ്യപ്രദേശിലെത്തും.
നവംബര്‍ 28നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. അതേസമയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സെഹോര്‍ ജില്ലയിലെ ബുധ്‌നിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
വിജയം കോണ്‍ഗ്രസിനൊപ്പമാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുക ജ്യോതിരാദിത്യ സിന്ധ്യയെയോ കമല്‍നാഥിനെയോ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മധ്യപ്രദേശിലെ അടുത്ത സര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.എസ്.പിക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ബി.എസ്.പി പ്രസിഡന്റ് പ്രദീപ് അയിഷ്വാര്‍ പറഞ്ഞു. കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ ആണ് ഭൂരിപക്ഷം ലഭിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് തങ്ങളെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.