| Tuesday, 19th July 2016, 8:40 pm

ഇസ്‌ലാമോഫോബിയയോ? ഈ രണ്ട് ഗുളിക കഴിച്ചിട്ട് ധൈര്യമായി രാവിലെ ഒരു മുസ്‌ലിമിനെ വിളിച്ചോളൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്ലെവലാന്‍ഡ്: ഇസ്‌ലാമോഫോബിയക്കെതിരായ ബോധവല്‍ക്കരണത്തിന് വ്യത്യസ്ത മാര്‍ഗം സ്വീകരിച്ച് ഞെട്ടിച്ചിരിക്കുകയാണ് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് എന്ന സംഘടന. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനില്‍ കഴിഞ്ഞ ദിവസം ഇസ്‌ലാം ഭയം മാറാനുള്ള “ഇസ്‌ലാമോഫോബിന്‍” എന്ന ഗുളിക വിതരണം ചെയ്താണ് ഇവര്‍ വ്യത്യസ്തരായത്.

ആകര്‍ഷകമായ പായ്ക്കറ്റുകളില്‍ പൊതിഞ്ഞ ചൂയിംഗമാണ് ഇസ്‌ലാമോഫോബിന്‍ എന്ന പേരില്‍ വിതരണം ചെയ്തത്. അന്ധമായ അസഹിഷ്ണുത, അകാരണമായ മുസ്‌ലിം ഭീതി, അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ബലിയാടുകളെയുണ്ടാക്കല്‍ തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം ഇസ്‌ലാമോഫോബിന്‍ ശമനം നല്‍കുമെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഇസ്‌ലാമോഫോബിയയുടെ ഗൗരവം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്താനായിരുന്നു നര്‍മ്മം കലര്‍ന്ന ഈ നടപടി.

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വ്യാപകമായ ഇസ്‌ലാംഭീതി പ്രചരിപ്പിക്കുന്നതിനിടെയാണ് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സിന്റെ ഈ മറുപടി. നവംബര്‍ 8ന് നടക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ നോമിനേറ്റ് ചെയ്യാന്‍ ചേര്‍ന്ന കണ്‍വെന്‍ഷന്റെ ആദ്യദിവസമാണ് മുസ്‌ലിം വോട്ടര്‍മാരെ അകറ്റുന്നത് പാര്‍ട്ടിക്ക് ഭൂഷണമാവില്ലെന്ന സന്ദേശം കൗണ്‍സില്‍ നല്‍കിയത്.

1.99 ഡോളറിന് 12 ഗുളികകള്‍ ആമസോണിലൂടെ വില്‍ക്കുന്നുമുണ്ട് സി.എ.ഐ.ആര്‍. ഇത് രണ്ടെണ്ണം കഴിച്ചിട്ട് പ്രഭാതത്തില്‍ ഒരു മുസ്‌ലിമിനെ വിളിച്ചോളൂ എന്നാണ് പാക്കറ്റിലെ പരസ്യ വാചകം. എന്നാല്‍ ബഹുസ്വരതയിലും, സഹിഷ്ണുതയിലും പരസ്പരധാരണയിലും വിശ്വസിക്കുന്നവര്‍ ഈ ഉല്‍പ്പന്നം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും പരസ്യവാചകത്തോടൊപ്പമുണ്ട്.

മുസ്‌ലിംകള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍ തുടങ്ങിയവരോട് ഊഷ്മളമായ വികാരങ്ങള്‍ നിങ്ങളില്‍ നാമ്പെടുക്കുന്നുണ്ടെങ്കില്‍ ഈ ഉല്‍പന്നം ഉപയോഗിക്കേണ്ടതില്ലെന്നും മുന്നറിയിപ്പിലുണ്ട്. സ്വീഡനിലെ മുസ്‌ലിം ആക്റ്റിവിസ്റ്റുകളാണ് ആദ്യം ഇത്തരത്തിലുള്ള ഗുളിക പുറത്തിറക്കിയത്

അമേരിക്കയില്‍ മുസ്‌ലിംങ്ങള്‍ പ്രവേശിക്കുന്നത് താല്‍ക്കാലികമായി വിലക്കുമെന്ന് ട്രംപിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. സിറിയന്‍ അഭയാര്‍ഥികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിനും ട്രംപ് എതിരാണ്. അഭയാര്‍ഥികളുടെ വേഷത്തില്‍ ഭീകരര്‍ അമേരിക്കയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇതിന് ട്രംപിന്റെ വിശദീകരണം. 2001 സെപ്തംബര്‍ 11 ല്‍ ന്യൂജേഴ്‌സിയില്‍ ആയിരക്കണക്കിനു മുസ്‌ലിംങ്ങള്‍ ദുരന്തം ആഘോഷിച്ചുവെന്ന് പ്രസ്താവിച്ചും ട്രംപ് വിവാദം സൃഷ്ടിച്ചിരുന്നു.

We use cookies to give you the best possible experience. Learn more