| Saturday, 20th March 2021, 8:03 am

എത്ര തലമുറകളോളം ഇനിയും സംവരണം തുടരും; മറാത്ത കേസില്‍ വാദം കേള്‍ക്കവെ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എത്രനാള്‍ ഇനിയും സംവരണം തുടരുമെന്ന് ആരാഞ്ഞ് സുപ്രീം കോടതി. മറാത്ത ക്വാട്ട കേസില്‍ വാദം കേള്‍ക്കവെയാണ് ഇനിയും എത്ര തലമുറകളോളം സംവരണം നടപ്പിലാക്കുമെന്ന് സുപ്രീം കോടതി ചോദിച്ചത്. അമ്പത് ശതമാനം സംവരണം ഒഴിവാക്കണമെന്ന പരാതിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്താഗി ജസ്റ്റിസ് അശോക് ഭൂഷണന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിനോട് ആവശ്യപ്പെട്ടു.
1931ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് മണ്ഡല്‍ റിപ്പോര്‍ട്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധന നടത്തണമെന്ന് റോഹ്ത്താഗി ആവശ്യപ്പെട്ടത്.

മാറിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് റിസര്‍വേഷന്‍ ക്വാട്ടകള്‍ അനുവദിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന ആവശ്യവും കോടതിയില്‍ ഉയര്‍ന്നു.

മറാത്തകള്‍ക്ക് സംവരണം അനുവദിക്കുന്നതിന്റെ ഭാഗമായി മണ്ഡല്‍ റിപ്പോര്‍ട്ടിന്റെ വിവിധ ഭാഗങ്ങള്‍ റോഹ്ത്താഗി കോടതിയില്‍ അവതരിപ്പിച്ചിരുന്നു. മുന്നാക്ക വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര നയം അമ്പത് ശതമാനം സംവരണം അട്ടിമറിക്കുന്നതാണെന്നും റോഹ്ത്താഗി പറഞ്ഞു.

സംവരണത്തിന് അമ്പത് ശതമാനം പരിധിവെച്ചില്ലെങ്കില്‍ എന്ത് തുല്യതയെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നതെന്ന് കോടതി ചോദിച്ചു. എന്നാല്‍ മണ്ഡല്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്നും നിലവില്‍ ഇന്ത്യയുടെ ജനസംഖ്യ 135 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നും റോഹ്ത്താഗി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സ്വാതന്ത്യം നേടിയിട്ട് 70 വര്‍ഷത്തിലധികം പിന്നിട്ടുവെന്നും നിശ്ചയമായും പല മാറ്റങ്ങളും സാമൂഹിക തുല്യതയുടെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച റോഹ്ത്താഗി പിന്നാക്ക വിഭാഗക്കാരുടെ എണ്ണം അമ്പത് ശതമാനനത്തില്‍ നിന്ന് 20 ശതമാനമായി കുറഞ്ഞിട്ടില്ലെന്നും ഇപ്പോഴും പട്ടിണി മരണങ്ങള്‍ ഇന്ത്യയിലുണ്ടെന്നും പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: For How Many Generations Will Reservation Continue, Asks Supreme Court

We use cookies to give you the best possible experience. Learn more