ന്യൂദല്‍ഹി: അസമില്‍ നിന്നും ജമ്മുകശ്മീരില്‍ നിന്നും തിരിച്ചുപോകാന്‍ വിദേശ മാധ്യമപ്രവര്‍ത്തകരോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. അസം ‘സംരക്ഷിത മേഖലയായി’ പ്രഖ്യാപിച്ചിട്ടുണ്ട് എന്നു പറഞ്ഞാണ് വിദേശ മാധ്യമപ്രവര്‍ത്തകരെ സംസ്ഥാനത്തുനിന്നും പുറത്താക്കുന്നതെന്ന് അസം ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
അസമില്‍ റിപ്പോര്‍ട്ടു ചെയ്യാനായെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങുകയും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ക്ലിയറന്‍സ് വാങ്ങുകയും വേണം.
സര്‍ക്കാറില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയേ അസം സന്ദര്‍ശിക്കാവൂവെന്നറിഞ്ഞ എ.പി മാധ്യമപ്രവര്‍ത്തകര്‍ സ്വയം അവിടെ നിന്നു തിരിച്ചുപോന്നതായി അസോസിയേറ്റഡ് പ്രസ് അറിയിച്ചു. അസം പൊലീസ് സംരക്ഷണത്തിലാണ് എ.പി മാധ്യമപ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ട് വരെ പോയതെന്നും അവിടെ നിന്നും ദല്‍ഹിയിലേക്ക് അയക്കുകയാണുണ്ടായതെന്നുമാണ് അസം ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
19 ലക്ഷം പേര്‍ പുറത്തായ അസം ദേശീയ പൗരത്വ പട്ടിക അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്‍.ആര്‍.സി പുറത്തുവിട്ടതിന്റെ പിറ്റേദിവസം സെപ്റ്റംബര്‍ ഒന്നിന് വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ രംഗത്തുവന്നിരുന്നു.
അസമില്‍ വിദേശ മാധ്യമപ്രവര്‍ത്തകരെ വിലക്കുന്നുവെന്ന അസം ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ നാലിന് വിദേശകാര്യ മന്ത്രാലയം വക്താവ് തള്ളിയിരുന്നു. ‘റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന തരത്തിലുള്ള യാതൊരു പ്രസ്താവനയും മന്ത്രാലയമോ ആഭ്യന്തര മന്ത്രാലയമോ പുറത്തിറക്കിയിട്ടില്ല.’ എന്നായിരുന്നു പ്രസ്താവന.
‘ഇന്ത്യയില്‍ ഇതിനകം തന്നെ ഉള്ളവരോ അല്ലാത്തവരോ ആയ ഏത് വിദേശ മാധ്യമപ്രവര്‍ത്തകരും വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ അസം സന്ദര്‍ശിക്കാം.’ എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഇതുവരെ അസമില്‍ യാതൊരു മുന്‍കൂര്‍ അനുമതിയും വാങ്ങാതെയാണ് തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നതെന്നും ഇത്തരമൊരു അനുമതി വേണമെന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നുമാണ് ഇന്ത്യയിലുള്ള വിദേശ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.
‘സംരക്ഷിത മേഖല’ അല്ലെങ്കില്‍ ‘നിയന്ത്രിത മേഖല’ കളില്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും വിനോദ സഞ്ചാരികളും സര്‍ക്കാറില്‍ നിന്നും അനുമതി വാങ്ങണമെന്നാണ് ചട്ടം. അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, നാഗാലന്റ്, സിക്കിം, ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങള്‍, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയാണ് സംരക്ഷിത പ്രദേശങ്ങളുടെ ഗണത്തില്‍പ്പെടുന്നത്. ഈ ലിസ്റ്റില്‍ അസം ഉള്‍പ്പെട്ടിട്ടില്ലയെന്നിരിക്കെയാണ് ഇക്കാര്യം പറഞ്ഞ് അസമില്‍ നിന്നും വിദേശ മാധ്യമങ്ങളെ അകറ്റുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അസമില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ അനുമതി തേടി സെപ്റ്റംബര്‍ നാലിന് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ പ്രത്യേകം ചില നിയമങ്ങളാണ് മുന്നോട്ടുവെച്ചതെന്നാണ് ഒരു വിദേശ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതെന്ന് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജേണലിസ്റ്റ് വിസ നിയമത്തിന്റെ ഭാഗമാണിത്. ജമ്മുകശ്മീരിലും വടക്കു കിഴക്കന്‍ മേഖലയിലും മാധ്യമ വിസ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ അവര്‍ വിവരിച്ചു നല്‍കിയതായും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.
ഈ നിയമപ്രകാരം ഇന്ത്യയിലുള്ള മാധ്യമപ്രവര്‍ത്തകര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ എക്‌സ്റ്റേണല്‍ പബ്ലിസിറ്റി ഡിവിഷനില്‍ പ്രത്യേക പെര്മിറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. ഇത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയന്ത്രിത മേഖലകള്‍ക്കു പുറമേ അസം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ക്കും ബാധകമാക്കിയിരിക്കുകയാണ്.
ഈ നടപടിക്രമങ്ങള്‍ എപ്പോഴാണ് കൊണ്ടുവന്നതെന്ന കാര്യം വ്യക്തമല്ല.