| Friday, 23rd October 2020, 10:18 pm

ട്രംപിന് അതൊരു ഫോട്ടോ എടുക്കല്‍ മാത്രം; മോദി-ട്രംപ് സൗഹൃദത്തില്‍ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യ- അമേരിക്ക സൗഹൃദത്തെക്കുറിച്ച് പരാമര്‍ശിച്ച് ജോ ബൈഡന്‍. ട്രംപിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ- അമേരിക്ക സൗഹൃദമെന്നത് വെറും ഫോട്ടോ എടുക്കലിന് മാത്രമുള്ളതാണെന്നും നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കല്ല പ്രധാന്യമെന്നുമാണ് ബൈഡന്‍ പറയുന്നത്.

താന്‍ അധികാരത്തിലേറിയാല്‍ ഭീകവാദത്തിനെതിരെ ഇരു രാജ്യങ്ങളും സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അയല്‍രാജ്യങ്ങളുമായി തര്‍ക്കിക്കുന്നതില്‍ നിന്ന് ചൈനയെ തടയുമെന്നും ബൈഡന്‍ പറഞ്ഞു.

‘ അമേരിക്കന്‍ ഇന്ത്യക്കാരെ ഞങ്ങള്‍ വിലമതിക്കുന്നുണ്ട്. ഇന്ത്യ-യു.എസ് ബന്ധത്തെ വിലമതിക്കുന്നത് ഞങ്ങള്‍ തുടരും. ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഫോട്ടോയ്ക്കുള്ള അവസരങ്ങളാണ്. എന്നെ സംബന്ധിച്ചിത്തോളം പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ്, ‘ ബൈഡന്‍ പറഞ്ഞു.

ഒപ്പം 2009-16 ലെ ഒബാമ സര്‍ക്കാരിന്റെ ഭരണകാലം ഇന്ത്യ- അമേരിക്ക സൗഹൃദത്തിന്റെ മികച്ച കാലഘട്ടമായിരുന്നെന്നും ബൈഡന്‍ പറഞ്ഞു. ഒപ്പം ഇന്ത്യന്‍ പശ്ചത്താലമുള്ള കമല ഹാരിസ് വൈസ് പ്രസിഡന്റാവുന്നത് ഇരു രാജ്യങ്ങള്‍ക്കും ഉപകാരപ്പെടുമെന്നും ബൈഡന്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിരവധി പരാമര്‍ശങ്ങള്‍ നടത്തുന്നതിനിടെയാണ് ബൈഡന്റെ പരാമര്‍ശം.

ഇന്ന് നടന്ന അവസാന ഘട്ട ഡിബേറ്റില്‍ ഇന്ത്യ മലിനമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു അങ്ങേയറ്റം മലിനമാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ, പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് പിന്‍മാറുന്നതിനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന.

‘ചൈനയിലേക്ക് നോക്കൂ. എത്ര മലിനമാണത്. റഷ്യയിലേക്ക് നോക്കൂ, ഇന്ത്യയിലേക്ക് നോക്കൂ. വായു മലിനമാണ്. ട്രില്യന്‍ കണക്കിനു ഡോളര്‍ ചെലവഴിക്കേണ്ടി വരുമെന്നതിനാലാണ് നമ്മള്‍ പാരിസ് ഉടമ്പടിയില്‍നിന്ന് പിന്മാറിയത്. ‘ ട്രംപ് പറഞ്ഞു. പാരിസ് ഉടമ്പടി മൂലം ദശലക്ഷക്കണക്കിനു തൊഴിലവസരങ്ങളും ആയിരക്കണക്കിനു കമ്പനികളും ഇല്ലാതാക്കാന്‍ താനില്ലെന്നും അത് അന്യായമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

സെപ്റ്റംബറില്‍ നടന്ന ആദ്യ ഡിബേറ്റിലും ഇന്ത്യയെ ട്രംപ് വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ കണക്ക് കൃത്യമല്ലെന്ന് ട്രംപ് ആരോപിച്ചു. ഒപ്പം കാലാവസ്ഥാ വ്യതിയാനത്തിലും ഇന്ത്യയെ കുറ്റപ്പെടുത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: For Donald Trump, India-US ties are about photo-ops, says Joe Biden

We use cookies to give you the best possible experience. Learn more