| Friday, 16th December 2016, 1:41 pm

കോണ്‍ഗ്രസിന് രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടി: പ്രതിപക്ഷം അഴിമതിക്കായി ഒറ്റക്കെട്ടെന്നും മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്


 മുന്‍പത്തെ സര്‍ക്കാരിന്റെ കാലത്ത് 2ജി, കല്‍ക്കരി തുടങ്ങിയ അഴിമതികള്‍ക്കെതിരായി ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷമായിരുന്നു എന്‍.ഡി.എ.


ന്യുദല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

അഴിമതിയ്ക്കെതിരായ യുദ്ധത്തില്‍ സര്‍ക്കാരിന് എതിരാണ് പ്രതിപക്ഷമെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിന് രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണെന്നും മോദി കുറപ്പെടുത്തി.

ബി.ജെ.പി എംപിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരായി രംഗത്തെത്തിയത്.

കള്ളപ്പണവും അഴിമതിയും തടയുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ ഒരുമിച്ചുനില്‍ക്കുകയാണ് ഇപ്പോള്‍ പ്രതിപക്ഷം. മുന്‍പത്തെ സര്‍ക്കാരിന്റെ കാലത്ത് 2ജി, കല്‍ക്കരി തുടങ്ങിയ അഴിമതികള്‍ക്കെതിരായി ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷമായിരുന്നു എന്‍.ഡി.എ.

എന്നാല്‍, ഇപ്പോള്‍ കള്ളപ്പണവും അഴിമതിയും തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയാണ് ഇന്നത്തെ പ്രതിപക്ഷമെന്നും മോദി പറഞ്ഞു.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട വിഷയം യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. കറന്‍സി രഹിത സമ്പദ് വ്യവസ്ഥ ജനങ്ങള്‍ ജീവിത രീതിയായി സ്വീകരിക്കണമെന്ന് മോദി പറഞ്ഞു.  ഇത്, സുതാര്യവും പ്രായോഗികവുമാണെന്നും മോദി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞുവെന്ന് അനന്ത് കുമാര്‍ അറിയിച്ചു.

സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയം സംബന്ധിച്ച് ബി.ജെ.പി എംപിമാര്‍ ജനങ്ങളെ ബോധവല്‍കരിക്കണം. ജനങ്ങള്‍ക്കരികിലേക്ക് ജനപ്രതിനിധികള്‍ പോകണം. നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് എം.പിമാര്‍ മണ്ഡലങ്ങളിലെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more