| Sunday, 12th July 2020, 8:25 am

'ഒരു പ്രതിയോട് തോക്ക് ഉപയോഗിക്കരുതെന്ന് കോടതിക്ക് പറയാമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദ്ദേശിക്കാം': സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: ജാമ്യ വ്യവസ്ഥയായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നല്‍കിയ ഹരജിയില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി.

ഒരു വ്യക്തിയുടെ പങ്കാളിത്തം കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് കുഴപ്പമുണ്ടാക്കിയ ഉപകരണം ഉപയോഗിക്കരുതെന്ന് കോടതിക്ക് പ്രതിയോട് ആവശ്യപ്പെട്ടുകൂടാ എന്നും കോടതി ചോദിച്ചു.

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവിന് ജാമ്യ വ്യവസ്ഥയായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ആവില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

‘ഇത് വളരെ കഠിനമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു വ്യക്തിയുടെ പങ്കാളിത്തം കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കില്‍, എന്തുകൊണ്ട് കുഴപ്പമുണ്ടാക്കിയ ഉപകരണം നിങ്ങള്‍ ഉപയോഗിക്കരുതെന്ന് കോടതിക്ക് പറഞ്ഞുകൂടാ….കോടതിക്ക് ഒരു പ്രതിയോട് തോക്കില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാമെങ്കില്‍, അതുപോലെ തന്നെ സോഷ്യയല്‍ മീഡിയയില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദ്ദേശിക്കാം,”

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു.

ഹൈക്കോടതി ചുമത്തിയ ഉപാധിക്കെതിരെ  ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ ചൗധരി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

തന്റെ കക്ഷിക്കെതിരെ സോഷ്യല്‍ മീഡിയ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് യാതൊരു ആരോപണവും ഇല്ലെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

എന്നാല്‍ ഈ വാദം കോടതിക്ക് ബോധ്യമായില്ല.വിഷയം സംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയക്കാമെന്ന് കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more