സ്വാതന്ത്ര്യം ഉള്ളിടത്തേ ജനാധിപത്യം നില നില്‍ക്കുകയുള്ളു: പായല്‍ കപാഡിയ
national news
സ്വാതന്ത്ര്യം ഉള്ളിടത്തേ ജനാധിപത്യം നില നില്‍ക്കുകയുള്ളു: പായല്‍ കപാഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2024, 5:14 pm

ന്യൂദല്‍ഹി: സ്വാതന്ത്ര്യം ഉള്ളിടത്തേ ജനാധിപത്യം നില നില്‍ക്കുകയുള്ളുവെന്ന് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സംവിധായിക. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തില്‍ ഗ്രാന്‍ഡ് പ്രിക്‌സ് നേടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന തന്റെ സിനിമക്ക് അഭിനന്ദങ്ങളറിയിച്ചവര്‍ക്കുള്ള നന്ദി പറയുകയായിരുന്നു അവര്‍.

ചലച്ചിത്രമേഖല ഉള്‍പ്പെടുന്ന കലാലോകം എത്രമാത്രം ജനാധിപത്യവല്‍ക്കരിക്കാനുണ്ടെന്നും, അതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതുമായിരുന്നു കപാഡിയയുടെ വാക്കുകള്‍. സ്വതന്ത്ര ചലച്ചിത്രനിര്‍മ്മാണത്തിനുള്ള അവസരവും പിന്തുണയും എങ്ങനെ വിപുലീകരിക്കാം എന്നതിനെക്കുറിച്ചും അവര്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഒരു സ്വപ്നം പോലെ തോന്നുകയാണ്. നാട്ടിലുള്ള നിരവധി ആളുകളില്‍ നിന്ന് അഭിനന്ദനങ്ങളും സന്ദേശങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചു. എല്ലാവരില്‍ നിന്നും നിറഞ്ഞ സ്‌നേഹം ലഭിക്കാനിടയായി, അതിന് നിങ്ങള്‍ ഓരോരുത്തരോടും ഹൃദയംഗമമായ നന്ദി പറയുകയാണ്,’ കപാഡിയ പറഞ്ഞു.

സിനിമ ചെയ്യാന്‍ ഒരു വര്‍ഷമെടുത്തെന്നും, കാനില്‍ സിനിമ സെലക്ട് ചെയ്തപ്പോള്‍ തോന്നിയ സന്തോഷം അത്ര വലുതാണെന്നും, മികച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങളുടെ സിനിമ കണ്ടപ്പോള്‍ വലിയ സന്തോഷമായെന്നും കപാഡിയ പറഞ്ഞു. മണ്‍സൂണിനു മുമ്പ് തങ്ങള്‍ സിനിമയുടെ തയ്യാറെടുപ്പ് ആരംഭിച്ചിരുന്നെന്നും , ഇപ്പോള്‍ കൃത്യം ഒരു വര്‍ഷത്തിന് ശേഷം തങ്ങള്‍ എല്ലാവരും വീണ്ടും ഒന്നിച്ചെന്നും കപാഡിയ കൂട്ടിച്ചേര്‍ത്തു.

‘ഒരു കലാകുടുംബത്തില്‍ നിന്ന് വന്ന എനിക്ക് ഈ വഴി എളുപ്പമായിരുന്നു. എന്നാല്‍ എന്റെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് പോലും, അവര്‍ ചെയ്യുന്ന തൊഴിലുകള്‍ തെരഞ്ഞെടുക്കുന്നത് എല്ലായ്പ്പോഴും എളുപ്പമായിരുന്നില്ല, എന്റെ അമ്മ ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടിലും എന്റെ സഹോദരി ജെ.എന്‍.യു വിലുമാണ് പഠിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പഠനം ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (എഫ്.ടി.ഐ.ഐ) അഞ്ച് വര്‍ഷം വിദ്യാര്‍ത്ഥിയായിരുന്നതാണ്.

ചിന്തകള്‍ രൂപപ്പെടുത്താന്‍ കഴിയുന്ന ഒരു ഇടമായിരുന്നു എഫ്.ടി.ഐ.ഐ. സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ചോദ്യങ്ങളിലൂടെയുമൊക്കെയാണ് നമ്മള്‍ തിരഞ്ഞെടുക്കുന്ന സിനിമകളിലേക്ക് കൂടുതല്‍ അടുക്കുന്നത്. സ്വതന്ത്ര ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ഇടമാണ് എഫ്.ടി.ഐ.ഐ,’ കപാഡിയ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍, പൊതു സ്ഥാപനങ്ങള്‍ ഇന്ന് കൂടുതല്‍ ചെലവേറിയതായി മാറിയെന്ന് കപാഡിയ പറഞ്ഞു. എല്ലാവര്‍ക്കും പ്രാപ്യമാകുന്ന രീതിയില്‍ വേണം പൊതു വിദ്യാഭ്യാസം കെട്ടിപ്പടുക്കാനെന്നും അങ്ങനെയുള്ളിടത്തേ എല്ലാവര്‍ക്കും വിചാരിച്ച രീതിയില്‍ മുന്നേറാന്‍ കഴിയൂവെന്നും കപാഡിയ ചൂണ്ടിക്കാട്ടി.

‘ഒരു സിനിമ തെരഞ്ഞെടുക്കാന്‍ 30 വര്‍ഷമെടുക്കുന്നത് എന്തിനാണെന്ന് കാനിലെ ആളുകള്‍ എന്നോട് ചോദിച്ചു. നമ്മള്‍ നമ്മോട് തന്നെ ഈ ചോദ്യം ചോദിക്കണം. എന്തുകൊണ്ടാണ് നമുക്ക് കൂടുതല്‍ സ്വതന്ത്രരായ ചലച്ചിത്ര പ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ കഴിയാത്തത്? എനിക്ക് ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞതിന്റെ ഒരു കാരണം ഫ്രഞ്ച് പബ്ലിക് ഫണ്ടിംഗ് സംവിധാനമാണ്. ഫണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വയംഭരണാധികാരമുള്ള ഒരു സംവിധാനമാണത്. അത്തരത്തില്‍ ഒരു സംവിധാനം നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നെങ്കില്‍, അത് കൂടുതല്‍ സ്വതന്ത്രമായ ചലച്ചിത്രനിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുമായിരുന്നു,’ കപാഡിയ പറഞ്ഞു.

കേരളത്തിലെ ചലച്ചിത്രമേഖലയോട് നന്ദി പറഞ്ഞ കപാഡിയ നിരവധി അഭിനേതാക്കളും നിര്‍മാതാക്കളും നല്‍കിയ പിന്തുണ വലുതാണെന്നും പറഞ്ഞു. കേരളത്തില്‍ കൂടുതല്‍ കലാമൂല്യമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാരും പ്രദര്‍ശകരും മുന്നോട്ട് വരുന്നുണ്ടെന്നും വ്യത്യസ്ത തരം സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് കേരളത്തില്‍ അവസരമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓരോ വ്യക്തികള്‍ക്കും തുല്യ പ്രാധാന്യമുള്ള സമൂഹമാണ് നമ്മള്‍ കെട്ടിപ്പടുക്കേണ്ടതെന്നും, അതില്‍ സര്‍ക്കാരിന് വലിയ പങ്കു വഹിക്കാനുണ്ടെന്നും കപാഡിയ പറഞ്ഞു.

Content Highlight: ‘For a Democracy To Thrive, Voices Need To Remain Independent’: Payal Kapadia After Cannes Win