| Sunday, 19th December 2021, 2:04 pm

നാല്‍പ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യക്കാരുടേയും ഇന്നത്തെ ഇന്ത്യക്കാരുടേയും ഡി.എന്‍.എ ഒന്നാണ്: മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധര്‍മശാല: 40,000 വര്‍ഷത്തിലേറെയായി ഇന്ത്യയിലെ എല്ലാ മനുഷ്യരുടെയും ഡി.എന്‍.എ ഒന്നുതന്നെയാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. താന്‍ പറയുന്നത് തെറ്റല്ലെന്നും ഭാഗവത് പറഞ്ഞു.

‘40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡി.എന്‍.എയും ഇന്നത്തെ ആളുകളുടെ ഡി.എന്‍.എയും ഒന്നുതന്നെയാണ്. നമ്മുടെ എല്ലാവരുടെയും പൂര്‍വ്വികര്‍ ഒന്നാണ്. ആ പൂര്‍വ്വികര്‍ കാരണം നമ്മുടെ രാജ്യം അഭിവൃദ്ധിപ്പെട്ടു.നമ്മുടെ സംസ്‌കാരം തുടര്‍ന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

ഇന്ത്യ ഒരു ലോക ശക്തിയായില്ലെങ്കിലും കൊവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ഒരു ലോക ഗുരുവായി മാറാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമൂഹകത്തിന് വേണ്ടി പബ്ലിസിറ്റിയില്ലാതെ നിരന്തരം പ്രവര്‍ത്തിക്കുകയാണ് ആര്‍.എസ്.എസ് എന്നും ഭാഗവത് അവകാശപ്പെട്ടു.

സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോളല്ല ആര്‍.എസ്.എസ് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

‘സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ എന്നാണ് മാധ്യമങ്ങള്‍ ഞങ്ങളെ വിശേഷിപ്പിക്കുന്നത്, എന്നാല്‍ അത് അസത്യമാണ്. ഞങ്ങളുടെ ചില പ്രവര്‍ത്തകര്‍ തീര്‍ച്ചയായും സര്‍ക്കാരിന്റെ ഭാഗമാണ്.

ഞങ്ങളുടെ സ്വയം സേവകര്‍ക്ക് സര്‍ക്കാര്‍ ഒരു തരത്തിലുള്ള ഉറപ്പും നല്‍കുന്നില്ല. സര്‍ക്കാരില്‍ നിന്ന് എന്താണ് ലഭിക്കുന്നതെന്ന് ആളുകള്‍ ഞങ്ങളോട് ചോദിക്കുന്നു. ഞങ്ങള്‍ക്ക് സ്വന്തമായുള്ളത് പോലും നഷ്ടപ്പെടേണ്ടി വന്നേക്കാം എന്നതാണ് അവരോടുള്ള എന്റെ ഉത്തരം,” മോഹന്‍ ഭാഗവത് പറഞ്ഞു.

ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അവര്‍ ഇന്ത്യന്‍ മാതൃക അനുകരിക്കാന്‍ ആഗ്രഹിക്കുകയാണെന്നും ഭാഗവത് പറയുന്നു.
ഇന്ത്യ ഒരു ലോക ശക്തി ആകണമെന്നില്ല, പക്ഷേ ലോക ഗുരുവാകുമെന്നും മോഹന്‍ ഭാഗവത് അവകാശപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: For 40,000 Years DNA Of All People In India Has Been Same: RSS Chief

We use cookies to give you the best possible experience. Learn more