ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി സര്‍ക്കാറിനെ താഴെ ഇറക്കിയത് ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര 2.0 ആണെങ്കില്‍, അതിന് എല്ലാതരത്തിലും വളമായത് കോണ്‍ഗ്രസിനുള്ളിലെ ഈഗോ പ്രശ്‌നങ്ങളാണ്. വിമത കോണ്‍ഗ്രസ് എം.എല്‍.എ രമേഷ് ജാര്‍ക്കിഹോളിയും കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന ഡി.കെ ശിവകുമാറും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങളാണ് സര്‍ക്കാര്‍ താഴെവീഴുന്നതുവരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.
ബെളഗാവിയില്‍ വലിയ സ്വാധീനമുള്ളവരാണ് രമേശ് ജാര്‍ക്കിഹോളി ഉള്‍പ്പെടുന്ന ജാര്‍ക്കിഹോളി കുടുംബങ്ങളാണ്. മൂത്തയാളും നേരത്തെ മന്ത്രിയുമായിരുന്ന രമേഷ് ജാര്‍ക്കിഹോളി പഞ്ചസാര വ്യവസായ രംഗത്ത് പ്രബലനാണ്. സഹോദരന്‍ സതീഷ് ജാര്‍ക്കിഹോളി ഐ.ഐ.സി.സി. സെക്രട്ടറിയും മന്ത്രിയുമാണ്. മറ്റൊരു സഹോദരന്‍ ബാലചന്ദ്ര ജാര്‍ക്കിഹോളി ബി.ജെ.പി എം.എല്‍.എയാണ്. മറ്റു സഹോദരങ്ങളായ ഭീംഷി കോണ്‍ഗ്രസിലും ലഖന്‍ ബി.ജെ.പിയിലുമാണ്. ചുരുക്കി പറഞ്ഞാല്‍ ബി.ജെ.പി അധികാരത്തിലെത്തിയാലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലും ജാര്‍ക്കിഹോളി കുടുംബത്തിന് ഒരു സ്ഥാനം ഉറപ്പാണ്.
ബെളഗാവിലെ സഹകരണ ബാങ്കുകളുടെ ഭരണവും ഈ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ബെളഗാവിലെ പി.എല്‍.ഡി ബാങ്കിന്റെ അധികാരം ബെല്‍ഗാമിലെ കോണ്‍ഗ്രസ് എം.എല്‍.എയായ ലക്ഷ്മി ഹെബ്ബാല്‍ക്കറിന്റെ നിയന്ത്രണത്തിലേക്കു വന്നിരുന്നു. അന്നു മുതലാണ് സഖ്യസര്‍ക്കാറിനെ താഴെയിറക്കുമെന്ന് രമേഷ് ജാര്‍ക്കിഹോളി പ്രതിജ്ഞയെടുത്തത്.
ഡി.കെ ശിവകുമാറിന്റെ പിന്തുണയോടെയായിരുന്നു ലക്ഷ്മി ബാങ്കിന്റെ തലപ്പത്തെത്തിയത്. ഡി.കെ ശിവകുമാര്‍ ലക്ഷ്മി ഹെബ്ബാല്‍ക്കറിന്റെ ‘ഗോഡ്ഫാദര്‍’ ചമയുന്നതാണ് ഡി.കെയോട് ജാര്‍ക്കിഹോളിമാര്‍ക്കുള്ള വിദ്വേഷത്തിന് ആധാരം. ലക്ഷ്മിയെ മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റാക്കിയത് ജാര്‍ക്കിഹോളിമാരായിരുന്നു. ബെളഗാവിലെ രാഷ്ട്രീയത്തില്‍ ശിവകുമാര്‍ അനാവശ്യമായി ഇടപെടുന്നുവെന്നാരോപിച്ച് ജാര്‍ക്കി ഹോളിമാര്‍ രാഹുല്‍ ഗാന്ധിക്കുവരെ പരാതി നല്‍കിയിരുന്നു.
ലക്ഷ്മി സ്ഥാനമേറ്റെടുത്തതു മുതല്‍ തന്നെ ജാര്‍ക്കിഹോളിമാര്‍ കോണ്‍ഗ്രസില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. ചില കോണ്‍ഗ്രസ് എം.എല്‍.എമാരെ വിമത പക്ഷത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുള്ള വിവിധയിടങ്ങളില്‍വെച്ച് ഒരു വിഭാഗം ബി.ജെ.പി നേതാക്കളുമായി ജാര്‍ക്കി ഹോളി അന്നുമുതല്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ വിധാന്‍ സൗധയുടെ ശീതകാല സമ്മേളനത്തിനിടെ നിര്‍ണായകമായ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ രമേഷ് ജാര്‍ക്കിഹോളി ബി.ജെ.പി നേതാക്കള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതു മുതല്‍ അദ്ദേഹത്തിന്റെ വിമത പ്രവര്‍ത്തനങ്ങള്‍ മറനീക്കിവന്നിരുന്നു.
ബെല്‍ഗാവി ജില്ലയുടെ ഭരണകാര്യങ്ങളില്‍ ഡി.കെ ശിവകുമാറിന്റെ ഇടപെടലുകള്‍ കൂടിയായപ്പോള്‍ ലക്ഷ്മിയോടും ഡി.കെയോടുമുള്ള രമേഷ് ജാര്‍ക്കിഹോളിയുടെ വിദ്വേഷം ഇരട്ടിച്ചു.
കഴിഞ്ഞ സെപ്റ്റംബറില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് അടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ജാര്‍ക്കിഹോളി ഒരു യോഗത്തില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോരുന്ന എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പിയില്‍ ചേരുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കുമാരസ്വാമി സര്‍ക്കാറിനെ താഴെയിറക്കാനുള്ള പദ്ധതികളെക്കുറിച്ച് ബി.ജെ.പി വീണ്ടും ഗൗരവമായി ആലോചിച്ചു തുടങ്ങിയത്.
ഈ യോഗത്തിനു മുമ്പു തന്നെ ജാര്‍ക്കിഹോളിയും യെദ്യൂരപ്പയും ശ്രീരാമലുവും അടക്കമുള്ള ബി.ജെ.പി നേതാക്കളും തമ്മില്‍ രണ്ടു റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ യോഗത്തില്‍ ബി.ജെ.പിയിലേക്ക് വരാന്‍ തയ്യാറായ വിമത എം.എല്‍.എമാര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ യെദ്യൂരപ്പ അംഗീകരിച്ചിരുന്നു.