| Saturday, 1st January 2022, 9:01 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തൃപ്തനല്ല: തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്നും കൂടുമാറി പ്രീമിയര്‍ ലീഗ് വമ്പന്മാരും തന്റെ പഴയ ക്ലബ്ബുമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് താരം തിരിച്ചെത്തിയിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു.

എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റാഗ്രാം വഴിയാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

‘മാഞ്ചസ്റ്ററിന്റെ പ്രകടനത്തില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല, ഞാന്‍ മാത്രമല്ല ടീമിലെ ആരും ഞങ്ങളുടെ പ്രകടനത്തില്‍ തൃപ്തരല്ലയെന്ന് എനിക്കുറപ്പാണ്, ഞങ്ങള്‍ നന്നായി കഠിനാധ്വാനം ചെയ്യണം, എന്നാല്‍ മാത്രമേ ഇപ്പോള്‍ ഉള്ളതിനേക്കാല്‍ മികച്ച നിലയിലെത്താന്‍ സാധിക്കുകയുള്ളു” ക്രിസ്റ്റ്യാനോ പറഞ്ഞു.

എല്ലാ മത്സരങ്ങളില്‍ നിന്നുമായി കൂടെ 47 ഗോളുകള്‍ നേടിയെങ്കിലും, 2021 തന്നെ സംബന്ധിച്ച് മികച്ച വര്‍ഷമല്ലായിരുന്നു എന്നാണ് താരത്തിന്റെ അഭിപ്രായം.

യുവന്റസിനൊപ്പം സീരി-എ കപ്പും ഇറ്റാലിയന്‍ സൂപ്പര്‍കപ്പും നേടിയതില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും യുറോകപ്പില്‍ ടോപ്പ് സ്‌കോററായതും 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഓള്‍ഡ് ട്രാഫോഡില്‍ ടിരിച്ചെത്തിയതുമെല്ലാം തന്റെ കരിയറിലെ ഐക്കോണിക്ക് നിമിഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ 18 മത്സരങ്ങള്‍ കളിച്ച യുണൈറ്റഡ് 9 ജയവും 5 തോല്‍വിയും 4 സമനിലയുമടക്കം 31 പോയിന്റുമായി ആറാം സ്ഥാനത്താണ്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് യുണൈറ്റഡ് നോക്ക്ഔട്ട് സ്റ്റേജില്‍ പ്രവേശിച്ചത്.

യുവന്റസില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് വന്നതിന് ശേഷം 20 കളികളില്‍ നിന്നും 14 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‌കോര്‍ ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: footballer Cristiano Ronaldo says he is not satisfied with the performance of Manchester United

We use cookies to give you the best possible experience. Learn more