ഇതുവരെയുള്ള സീസണുകളില്‍ നിന്നും വ്യത്യസ്തമായി മികച്ച കുതിപ്പാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലില്‍ നടത്തുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്ഥാനം നിലനിര്‍ത്താനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.
കഴിഞ്ഞ ദിവസം മുന്‍ചാംപ്യന്‍മാരായ ബെംഗളുരു എഫ്.സി മുംബൈ സിറ്റി എഫ്.സിയെ 3-0ന് തോല്‍പിച്ചതോടെയാണ് കൊമ്പന്‍മാര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ ആരാധകവൃന്ദമുള്ള താരമാണ് ആഷിഖ് കുരുണിയന്‍. നിലവില്‍ ബെംഗളൂരു എഫ്.സിയുടെ താരമായ ഈ മലയാളി പയ്യന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്.
ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇതിനോട് പ്രതികരിക്കുകയാണ് ആഷിഖ് ഇപ്പോള്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
താന്‍ ക്ലബ്ബ് മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബെംഗളൂരുവില്‍ തന്നെ തുടരാനാണ് താത്പര്യമെന്നുമാണ് ആഷിഖ് പറയുന്നത്.
ബെംഗളൂരുവുമായി ഒരു വര്‍ഷം കൂടി കരാറുണ്ടെന്നും, അത് കഴിഞ്ഞുള്ള കാര്യം തീരുമാനിച്ചിട്ടില്ലെന്നും. അത് തനിക്ക് മാത്രമായി തീരുമാനിക്കാന്‍ പറ്റുന്ന കാര്യവുമല്ലെന്നുമാണ് ആഷിഖ് പറയുന്നത്.
പൂനെ സിറ്റി എഫ്.സിക്കായി കളിച്ചിരുന്ന കാലത്തും ബെംഗളൂരുവിന് വേണ്ടി കളിക്കാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും കാര്യങ്ങള്‍ നന്നായി തന്നെ അവസാനിച്ചാല്‍ ബെംഗളൂരുവില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആഷിഖ് കൂട്ടിച്ചേര്‍ത്തു.
2019മുതല്‍ ആഷിഖ് ബെംഗളൂരുവിന്റെ സ്ഥിരാംഗമാണ്. ലെഫ്റ്റ് വിംഗറായി തുടങ്ങിയ താരം ലെഫ്റ്റ് ബാക്കായും കളിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടിയും കളത്തിലിറങ്ങിയ ആഷിഖ് 21 തവണ ദേശീയ ടീമിനായി ബൂട്ടുകെട്ടിയിട്ടുണ്ട്.