| Thursday, 13th May 2021, 11:10 am

'പക്ഷെ'കളില്ല, ഫലസ്തീനിനൊപ്പം തന്നെ; പിന്തുണയുമായി ഫുട്‌ബോള്‍ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ഇസ്രാഈല്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫുട്‌ബോള്‍ ലോകം. മെസ്യൂട് ഓസിലും പോള്‍ പോഗ്ബയും മുഹമ്മദ് സലായുമടക്കം നിരവധി താരങ്ങളാണ് ഫലസ്തീന് പിന്തുണയുമായി രംഗത്തെത്തിയത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ റിയാദ് മാഹ്‌റെസ് ഫലസ്തീന്‍ പതാക പങ്കുവെച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇസ്രാഈലി പൊലീസിനോട് സംസാരിക്കുന്ന ഫലസ്തീന്‍ പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചാണ് ഇന്റര്‍ മിലാന്‍ താരം അഷ്‌റഫ് ഹാകിമി പിന്തുണയര്‍പ്പിച്ചത്.

ഫലസ്തീനെ മോചിപ്പിക്കണമെന്ന് ഫ്രാന്‍സിന്റെ ഫ്രാങ്ക് റിബറിയും പറഞ്ഞു. ലോകത്തിന് സമാധാനവും സ്‌നേഹവും വേണമെന്ന് പോള്‍ പോഗ്‌ബെ ട്വീറ്റ് ചെയ്തു. ഫലസ്തീന് വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനിയന്‍ സ്‌കാര്‍ഫ് ധരിച്ചായിരുന്നു ചിലിയിലെ പ്രീമിയര്‍ ലീഗില്‍ ക്ലബംഗങ്ങള്‍ മത്സരത്തിനിറങ്ങിയത്.

തുര്‍ക്കി ഫുട്‌ബോള്‍ ക്ലബായ ഫെനര്‍ബാഷെ താരങ്ങള്‍ കഴിഞ്ഞ ദിവസം ഫ്രീ ഫലസ്തീന്‍ ജഴ്‌സിയണിഞ്ഞായിരുന്നു കളിക്കാനിറങ്ങിയത്. മെസ്യുട് ഓസിലും ലൂയിസ് ഗുസ്താവോയുമടക്കമുള്ള താരങ്ങള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കളത്തിലിറങ്ങിയത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനോട് ഫലസ്തീന്‍-ഇസ്രാഈല്‍ വിഷയത്തില്‍ ഇടപെടണമെന്ന് പറഞ്ഞ് മുഹമ്മദ് സലാ രംഗത്തെത്തി. മാത്രമല്ല അല്‍ അഖ്‌സയ്ക്ക് മുന്‍പില്‍ നില്‍ക്കുന്ന തന്റെ ചിത്രമാണ് ട്വിറ്ററില്‍ സലാ പ്രൊഫൈല്‍ പിക്ചറാക്കി വെച്ചത്.

ഫലസ്തീനെതിരായ ആക്രമണം ഹൃദയഭേദകമെന്നായിരുന്നു സാദിയോ മാനെ പറഞ്ഞത്. ഫ്രീ ഫലസ്തീന്‍ എന്ന ചിത്രം മാനെ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.

ഇതാദ്യമായല്ല ഫുട്ബോള്‍ താരങ്ങള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ലോകത്തിനു മുമ്പില്‍ വരുന്നത്. 2021-ല്‍ അര്‍ജന്റീന്‍ ഇതിഹാസം ഡീഗോ മറഡോണ ഫലസ്തീനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു രംഗത്തു വന്നിരുന്നു. ഹൃദയം കൊണ്ട് താനൊരു ഫലസ്തീനിയന്‍ ആണെന്നും മറഡോണ പറഞ്ഞിരുന്നു.

2014-ല്‍ ഫുട്ബോള്‍ ലോകകപ്പ് നേടിയ ശേഷം ജര്‍മന്‍ താരം ഓസില്‍ ലോകകപ്പില്‍ നിന്ന് തനിക്കു ലഭിച്ച സമ്മാനങ്ങളെല്ലാം ഫലസ്തീനു വേണ്ടി നല്‍കിയിരുന്നു. ഇസ്രാഈലിനെതിരായ സൗഹൃദ മത്സരത്തില്‍ നിന്നു പിന്മാറിയാണ് ലയണല്‍ മെസി ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫലസ്തീനെ പിന്തുണച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Football World support Palestine on Israel Attack Ozil Salah

Latest Stories

We use cookies to give you the best possible experience. Learn more