മലപ്പുറം കോട്ടക്കല്‍ പുത്തനത്താണി സി.വി ഓഡിറ്റോറിയത്തിലെത്തിയ അതിഥികള്‍ ആദ്യമൊന്നു അമ്പരന്നു. ഫുട്‌ബോള്‍ പോസ്റ്റുകള്‍, ആദ്യ കിക്കെടുക്കുന്ന വരന്‍.. അടുത്ത കിക്കിനായി തൊട്ടടുത്ത് വധു, വിവിധ ഫുട്‌ബോള്‍ ടീമംഗങ്ങളുടെ ജെഴ്‌സികള്‍, ഫുട്‌ബോള്‍ രാജ്യങ്ങളുടെ പേരുകളുള്ള വെല്‍ക്കം ഡ്രിങ്കുകളുടെ ബോര്‍ഡുകള്‍.. എല്ലാം ഫുട്‌ബോള്‍ മയം.
മലപ്പുറത്തിന്റെ ഫുട്‌ബോളിനോടുള്ള പ്രണയം ലോകപ്രശസ്തമാണ്. ലോകകപ്പ് മത്സരക്കാലം കൂടി വന്നണയുമ്പോള്‍ ആഘോഷം ഇരട്ടിയാവും. മലപ്പുറം കോട്ടക്കല്‍ കഞ്ഞിപ്പുര അടിപ്പറമ്പില്‍ പടിഞ്ഞാക്കര നാസറിന്റേയും നസീമയുടേയും മകന്‍ ഡോ.സുഹൈലിന്റെയും അമ്മാവനായ അര്‍ഷാദിന്റെ മനസ്സിലുദിച്ച ആശയമായിരുന്നു ഫുട്‌ബോള്‍ കല്യാണം എന്ന വേറിട്ടൊരു വിവാഹാഘോഷം. വധുവിന്റെ വീട്ടുകാരുടെ സമ്മതം കൂടിയായപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല, ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ തുടങ്ങുകയായി.
റഷ്യന്‍ മിന്റ് ലൈം, അര്‍ജന്റീന പപ്പായ, കൊറിയന്‍ വാട്ടര്‍ മെലന്‍, സൗദി പൈനാപ്പിള്‍ ജ്യൂസ്, സെര്‍ബിയന്‍ ഗോസ് ബെറി, ടുണീഷ്യന്‍ മാങ്കോ ഷെയ്ക്ക് തുടങ്ങിയ വിവിധ ഫുട്‌ബോള്‍ രാജ്യങ്ങളില്‍ നിന്നുള്ള ശീതള പാനീയങ്ങളായിരുന്നു അതിഥികളായി എത്തിയിരുന്നവര്‍ക്കായി ഒരുക്കിയിരുന്നത്.
ALSO READ: ലോകകപ്പിന് ശേഷം ഈജിപ്തിലെത്തിയ സലാ വീട് വിട്ട് ഓടേണ്ട സ്ഥിതിയില്‍
ശേഷം നേരെ ഗോള്‍ പോസ്റ്റിനടുത്തേക്ക്. പോസ്റ്റില്‍ ഗോള്‍ തീര്‍ക്കുന്നവര്‍ക്കായി ഇഷ്ട ടീമുകളുടെ ജേഴ്‌സിയും റെഡി. തീര്‍ന്നില്ല, തീന്‍മേശയിലെത്തുമ്പോഴും അമ്പരപ്പ് മാറുന്നില്ല. അവിടെയും ഇഷ്ട ടീമുകളുടെ നാട്ടില്‍ നിന്നുള്ള വിഭവങ്ങള്‍. ഈ ജിപ്ഷ്യന്‍ ബിരിയാണി റൈസ്, ബെല്‍ജിയം കോയിന്‍ പൊറോട്ട, സ്വീഡിഷ് വെള്ളപ്പം, മൊറോക്കന്‍ കോക്കനട്ട് റൈസ്, സ്പാനിഷ് മട്ടന്‍ കുറുമ, ഇറാനിയന്‍ ബീഫ് ,മെക്‌സിക്കന്‍ മസാല തുടങ്ങിയ വിഭവങ്ങളായിരുന്നു തീന്‍ മേശകളില്‍ നിരന്നത്. ഭക്ഷണ ശേഷം അല്‍പം മധുരത്തിനായി ഒരുക്കിയതും “ഫുഡ്‌ബോള്‍ വിഭവം” തന്നെ – പോര്‍ച്ചുഗീസ് ഐസ്‌ക്രീമും നൈജീരിയന്‍ വടയും.
ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കം റഷ്യയില്‍ നടക്കുമ്പോള്‍ ഇങ്ങ് ഡോ. സുഹൈലിന്റെ വിവാഹ പന്തലില്‍ ഒരുക്കിയ വേറിട്ട ആഘോഷത്തിനു പിന്നിലും ചില സന്ദേശങ്ങളുണ്ട്.” കായികം വിനോദം മാത്രമല്ല, ആരോഗ്യം കൂടിയാണെന്നുള്ള സന്ദേശം നല്‍കലാണ് ഇങ്ങനെയൊരു ആഘോഷത്തിനു പിന്നിലെന്ന് സുഹൈലും അമ്മാവന്‍ അര്‍ഷാദും പറയുന്നു.