അവന് ഉറപ്പായും മെസിയുടെ ഐതിഹാസിക നേട്ടം തകര്‍ക്കാന്‍ സാധിക്കും; സൂപ്പര്‍ താരത്തെ പിന്തുണച്ച് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍
Sports News
അവന് ഉറപ്പായും മെസിയുടെ ഐതിഹാസിക നേട്ടം തകര്‍ക്കാന്‍ സാധിക്കും; സൂപ്പര്‍ താരത്തെ പിന്തുണച്ച് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th November 2024, 3:34 pm

 

ബാഴ്‌സലോണയുടെ പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് ലയണല്‍ മെസിയുടെ ചാമ്പ്യന്‍സ് ലീഗ് ഗോളുകളുടെ റെക്കോഡ് മറികടക്കാന്‍ സാധിക്കുമെന്ന് ടി.എന്‍.ടി സ്‌പോര്‍ട്‌സ് പണ്ഡിറ്റ് റോറി സ്മിത്. നിലവില്‍ മെസിയേക്കാള്‍ 30 ഗോള്‍ മാത്രമാണ് ലെവന്‍ഡോസ്‌കിക്ക് കുറവുള്ളതെന്നും സ്മിത് പറഞ്ഞു.

യൂറോ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് സ്മിത് ഇക്കാര്യം പറഞ്ഞത്.

‘അവന് മെസിക്കൊപ്പമെത്താന്‍ സാധിക്കും, ഇത് അസാധ്യമായ കാര്യമൊന്നുമല്ല. 30 ഗോളാണ് ഇതിന് വേണ്ടത്. രണ്ട് വര്‍ഷങ്ങള്‍, ഓരോ സീസണിലും 15 ഗോള്‍ വീതം നേടിയാല്‍ ഈ നേട്ടത്തിലെത്താന്‍ അവന് സാധിക്കും,’ സ്മിത് പറഞ്ഞു.

 

ലെവന്‍ഡോസ്‌കിക്ക് പ്രായമുണ്ട് എന്ന വസ്തുത അംഗീകരിച്ച സ്മിത്, ഓരോ സീസണിലും ഏറ്റവും ചുരുങ്ങിയത് എട്ട് മത്സരം വീതം ലെവക്ക് ലഭിക്കുമെന്നും ഇതിലൂടെ മെസിയെ മറികടക്കാന്‍ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.

ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച 124 മത്സരത്തില്‍ നിന്നുമായി 99 ഗോളുകളാണ് ലെവയുടെ പേരിലുള്ളത്. ബൊറൂസിയ ഡോര്‍ട്മുണ്ട്, ബയേണ്‍ മ്യൂണിക്, ബാഴ്‌സലോണ എന്നിവര്‍ക്ക് വേണ്ടിയാണ് താരം ഗോള്‍ കണ്ടെത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ 26 ഗോളിന് താരം വഴിയൊരുക്കിയിട്ടുമുണ്ട്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങള്‍

(താരം – മത്സരം – ഗോള്‍ – ടീം/ടീമുകള്‍ എന്നീ ക്രമത്തില്‍)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 183 – 140 – മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്

ലയണല്‍ മെസി – 163 – 129 – ബാഴ്‌സലോണ, പി.എസ്.ജി

റോബര്‍ട്ട് ലെവന്‍ഡോസ്‌കി – 124 – 99 – ബൊറൂസിയ ഡോര്‍ട്മുണ്ട്, ബയേണ്‍ മ്യൂണിക്, ബാഴ്‌സലോണ

കരീം ബെന്‍സെമ – 152 – 90 – ലിയോണ്‍, റയല്‍ മാഡ്രിഡ്

റൗള്‍ – 142 – 71 – റയല്‍ മാഡ്രിഡ്, ഷാല്‍ക്കെ 04

റൂഡ് വാന്‍ നിസ്റ്റല്‍റൂയ് – 73 – 56 – പി.എസ്.വി ഐന്തോവാന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്

തോമസ് മുള്ളര്‍ – 154 – 54 – ബയേണ്‍ മ്യൂണിക്

തിയറി ഹെന്‌റി – 112 – 50 – മൊണാക്കോ, ആഴ്‌സണല്‍, ബാഴ്‌സലോണ

അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സക്കായി ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ സ്വന്തമാക്കിയിരുന്നു. സെര്‍ബിയന്‍ ക്ലബ്ബായ സെവേര്‍ണെ സ്വെസ്‌ദെയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം.

മത്സരത്തിന്റെ 43, 53 മിനിട്ടുകളിലായിരുന്നു ലെവന്‍ഡോസ്‌കി ബാഴ്‌സക്കായി വലകുലുക്കിയത്. മാര്‍ട്ടീനസ്, റഫീന്യ, ഫെര്‍മിന്‍ ലോപസ് എന്നിവരാണ് ബാഴ്‌സയുടെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.

സിലാസും മില്‍സണുമാണ് സ്വെസ്‌ദെയ്ക്കായി ഗോള്‍ കണ്ടെത്തിയത്.

ഈ വിജയത്തിന് പിന്നാലെ യു.സി.എല്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബാഴ്‌സ. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റാണ് ബാഴ്‌സക്കുള്ളത്.

നവംബര്‍ 27നാണ് ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ അടുത്ത മത്സരം. ലീഗ് വണ്‍ ടീമായ ബ്രെസ്റ്റാണ് എതിരാളികള്‍. കളിച്ച നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമായി പോയിന്റ് ടേബിളില്‍ നാലാമതാണ് ബ്രെസ്റ്റ്. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

 

Content Highlight: Football pundits says Robert Lewandowski can break Lionel Messi’s Champions League goals record