| Monday, 14th October 2024, 11:25 am

'റൊണാള്‍ഡോ ടീമിലുണ്ടെങ്കില്‍ 2026ലും പോര്‍ച്ചുഗല്‍ ലോകകപ്പ് നേടില്ല, അത് ഞാന്‍ ഉറപ്പുതരാം'

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‌ട്രൈക്കറുടെ റോളില്‍ സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ടെങ്കില്‍ 2026ലും പോര്‍ച്ചുഗലിന് ലോകകപ്പ് നേടാന്‍ സാധിക്കില്ലെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റ് സ്റ്റീവ് നിക്കോള്‍.

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന്റെ വിജയത്തിന് പിന്നാലെയാണ് നിക്കോളിന്റെ പ്രസ്താവന വന്നത് എന്നതും ശ്രദ്ധേയമാണ്. മത്സരത്തില്‍ റൊണാള്‍ഡോ ഗോള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

പോളണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ്, റാഫേല്‍ ലയോ, പെഡ്രോ നെറ്റോ തുടങ്ങിയ താരങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഇ.എസ്.പി.എന്നിലൂടെയായിരുന്നു നിക്കോളിന്റെ പ്രസ്താവന.

‘ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സെന്റര്‍ ഫോര്‍വേഡായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടെങ്കില്‍ പോര്‍ച്ചുഗല്‍ ഒരിക്കലും കിരീടം നേടാന്‍ പോകുന്നില്ല. അക്കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്.

ഈ മത്സരത്തില്‍ ലയോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മികച്ച ചില മുന്നേറ്റങ്ങളും അവന്‍ നടത്തി. ലോകകപ്പ് വരെയുള്ള കാലയളവില്‍ അവന് സ്ഥിരത കണ്ടെത്താന്‍ സാധിച്ചേക്കും.

ബ്രൂണോ ഫെര്‍ണാണ്ടസിനും ബെര്‍ണാര്‍ഡോ സില്‍വക്കുമൊപ്പം അവന്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു. ഒരു രസത്തിന് വേണ്ടി നെറ്റോ പോളിഷ് ഡിഫന്‍സിനെ ആക്രമിച്ചുകൊണ്ടിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ ആദ്യ പകുതി വളരെ രസകരമായിരുന്നു. എല്ലാ താരങ്ങളും അവരുടേതായ സംഭാവനകള്‍ നല്‍കി,’ നിക്കോള്‍ പറഞ്ഞു.

‘ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് ലോകകപ്പ് നേടാന്‍ സാധിക്കും. എന്നാല്‍ റൊണാള്‍ഡോ സെന്റര്‍ ഫോര്‍വേര്‍ഡായി ടീമിനൊപ്പമുണ്ടെങ്കില്‍ അതിന് സാധിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാച്ചില്‍ സംഭവിച്ചത്

3-5-2 എന്ന ഫോര്‍മേഷനിലാണ് പോളണ്ട് കളത്തിലിറങ്ങിയത്. അതേസമയം, റൊണാള്‍ഡോയെ കുന്തമുനയാക്കി 4-2-3-1 എന്ന ഫോര്‍മേഷനിലാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടീനസ് തന്റെ കുട്ടികളെ കളത്തിലിറക്കി വിട്ടത്.

മത്സരത്തിന്റെ 26ാം മിനിട്ടില്‍ ബെര്‍ണാര്‍ഡോ സില്‍വയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നേടി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലാണ് സില്‍വ എതിരാളികളുടെ വലകുലുക്കിയത്.

ആദ്യ ഗോള്‍ പിറന്ന് കൃത്യം 11ാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ ലീഡ് ഇരട്ടിയാക്കി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഗോള്‍ കണ്ടെത്തിയത്. താരത്തിന്റെ പ്രൊഫഷണല്‍ കരിയറിലെ 906ാം ഗോളും നാഷണല്‍ ജേഴ്‌സിയിലെ 133ാം ഗോളുമാണിത്.

നേഷന്‍സ് ലീഗില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരത്തിലും സ്‌കോര്‍ ചെയ്യാനും റൊണാള്‍ഡോക്ക് സാധിച്ചു.

രണ്ട് ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച പറങ്കികള്‍ വീണ്ടും എതിരാളികളുടെ ഗോള്‍ മുഖം ആക്രമിച്ചു. മറുവശത്ത് നിന്ന് പോര്‍ച്ചുഗല്‍ പ്രതിരോധമൊരുക്കുകയും ശേഷം തിരിച്ച് ആക്രമിക്കുകയും ചെയ്തു. ഇരു ടീമിന്റെയും ഗോള്‍മുഖം ആക്രമണഭീഷണി നേരിട്ടെങ്കിലും ഒന്നുപോലും ഗോളായി മാറിയില്ല.

എന്നാല്‍ 78ാം മിനിട്ടില്‍ പയോട്ടര്‍ സെലന്‍സ്‌കി ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയെ മറികടന്ന് പോര്‍ച്ചുഗല്‍ വലകുലുക്കി. സ്‌കോര്‍ 2-1. സമനില ഗോളിനായി പോളണ്ട് പൊരുതിക്കളിച്ചെങ്കിലും മറ്റൊരു ഗോള്‍ കണ്ടെത്താന്‍ ടീമിന് സാധിച്ചില്ല. 88ാം മിനിട്ടില്‍ പോളണ്ടിന്റെ സെല്‍ഫ് ഗോളില്‍ പോര്‍ച്ചുഗല്‍ വീണ്ടും രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് റോണോയും സംഘവും വിജയിച്ചുകയറി.

കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് ഗ്രൂപ്പ് വണ്‍ സ്റ്റാന്‍ഡിങ്സില്‍ ഒന്നാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. മൂന്ന് കളിയില്‍ ഒന്നില്‍ മാത്രം ജയിച്ച പോളണ്ട് മൂന്നാമതാണ്.

ഒക്ടോബര്‍ 16നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. ഹാംഡെന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്ലാന്‍ഡാണ് എതിരാളികള്‍.

Content highlight: Football pundit Steve Nichols slams Cristiano Ronaldo

Latest Stories

We use cookies to give you the best possible experience. Learn more