| Wednesday, 16th October 2024, 2:57 pm

'റൊണാള്‍ഡോ ഒരിക്കലും ആ ടീമില്‍ ചേരില്ല, പകരം ആ ടീമിനെ ഒന്നാകെ പണം കൊടുത്ത് വാങ്ങും'

സ്പോര്‍ട്സ് ഡെസ്‌ക്

ഇ.എഫ്.എല്‍ ലീഗ് വണ്‍ ക്ലബ്ബായ റെക്‌സ്ഹാമില്‍ റൊണാള്‍ഡോ ഒരിക്കലും ഒരു താരമെന്ന നിലയില്‍ ചേരാന്‍ സാധ്യതയില്ലെന്ന് മുന്‍ ലിവര്‍പൂള്‍ സൂപ്പര്‍ താരവും ഫുട്‌ബോള്‍ പണ്ഡിറ്റുമായ മാര്‍ക് ലോറന്‍സണ്‍. ആ ടീമിനെ ഒന്നാകെ താരം വാങ്ങാനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്ത സമ്മറോടെ സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോയുടെ കരാര്‍ അവസാനിക്കുകയാണ്. സൗദിയില്‍ തന്നെ താരം കരിയറിന് വിരാമമിടുമെന്നാണ് കരുതുന്നത്. ഈ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് ഇ.എഫ്.എല്‍ ടീം റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.

ഇംഗ്ലീഷ് ഫുട്‌ബോളില്‍ തങ്ങളുടെ സാന്നിധ്യമറിയിക്കാനും സ്ഥാനമുറപ്പിക്കാനുമാണ് റെക്‌സ്ഹാം ശ്രമിക്കുന്നത്. തുടര്‍ച്ചയായ പ്രൊമോഷന്‍ നേടിയാണ് റെക്‌സ്ഹാം കുതിക്കുന്നത്. 2022-23 സീസണില്‍ നാഷണല്‍ ലീഗില്‍ നിന്നും 2023-24 സീസണില്‍ ലീഗ് ടുവില്‍ നിന്നുമാണ് ടീം പ്രൊമോട്ട് ചെയ്യപ്പെട്ടത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പോര്‍ച്ചുഗല്‍ ലെജന്‍ഡ് ഒരിക്കലും ടീമിന്റെ ഭാഗമാകില്ല എന്നാണ് ലോര്‍സണ്‍ അഭിപ്രായപ്പെടുന്നത്. ചെറിയ ക്രൗഡിന് മുമ്പില്‍ കളിക്കാന്‍ റൊണാള്‍ഡോ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഫുട്‌ബോളില്‍ ഇക്കാലത്ത് എന്തും സാധ്യമാണ്. റൊണാള്‍ഡോ റെക്‌സ്ഹാമിന് വേണ്ടി കളിക്കുന്നതടക്കം! അതൊരിക്കലും നടക്കാന്‍ പോകുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരു താരമെന്ന നിലയില്‍ അദ്ദേഹം കരാറിലെത്തുന്നതിനേക്കാള്‍ ആ ക്ലബ്ബ് അപ്പാടെ വാങ്ങാനാണ് കൂടുതല്‍ സാധ്യതയുള്ളത്.

റെക്‌സ്ഹാമിന്റെ സ്റ്റേഡിയത്തില്‍ പതിനായിരം പേരില്‍ കൂടുതല്‍ ഒരിക്കലുമുണ്ടാകാറില്ല. അത്തരമൊരു ചെറിയ ക്രൗഡിന് മുമ്പില്‍ റൊണാള്‍ഡോ കളിക്കുന്നത് കാണാന്‍ എനിക്ക് സാധിക്കില്ല.

പക്ഷേ റൊണാള്‍ഡോ അവിടെയത്തിയാല്‍ ടിക്കറ്റ് ലഭിക്കാന്‍ വളരെ പാടുപെടേണ്ടി വരുമെന്നും എനിക്കറിയാം. അവനെത്തിയാല്‍ സ്റ്റേഡിയം ഉറപ്പായും നിറയും,’ ലോറന്‍സണ്‍ പറഞ്ഞു.

അതേസമയം, സീസണില്‍ മികച്ച പ്രകടനമാണ് റെക്‌സ്ഹാം കാഴ്ചവെക്കുന്നത്. ഇ.എഫ്.എല്‍ ലീഗ് വണ്‍ പോയിന്റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് റെക്‌സഹാം.

പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും രണ്ട് വീതം സമനിലയും തോല്‍വിയുമായി 20 പോയിന്റാണ് ടീമിനുള്ളത്. 22 പോയിന്റുമായി ബെര്‍മിങ്ഹാമാണ് ഒന്നാമത്.

ഒക്ടോബര്‍ 19നാണ് റെക്‌സ്ഹാം തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ന്യൂയോര്‍ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോഥര്‍ഹാമാണ് എതിരാളികള്‍.

Content Highlight: Football pundit Mark Lawrenson on Cristiano Ronaldo joining Wrexham

We use cookies to give you the best possible experience. Learn more