| Monday, 26th December 2022, 10:25 am

അവന്‍ ചെയ്തത് എല്ലാവരും മറക്കും, ലോകകപ്പ് നേടിത്തന്നത് മാത്രമേ ഓര്‍ക്കുകയുള്ളൂ, എങ്കിലും അവന്‍ കാണിച്ചത് ശരിയായില്ല; മാര്‍ട്ടിനസിനെ തല്ലിയും തലോടിയും ഫുട്‌ബോള്‍ പണ്ഡിറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചതില്‍ പ്രധാന പങ്കുവഹിച്ച താരമായിരുന്നു ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസ്. പെനാല്‍ട്ടി ഷൂട്ടൗട്ടികളില്‍ എതിര്‍ ടീമിനെ വലകുലുക്കാന്‍ അനുവദിക്കാതെയാണ് താരം അര്‍ജന്റൈന്‍ ടീമിന്റെ രക്ഷകനായത്.

നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടറില്‍ വാന്‍ ജിക്കിന്റെയും സ്റ്റീഫന്‍ ബെര്‍ഗുയിസിന്റെയും ഷോട്ടുകള്‍ തടുത്തിട്ടാണ് താരം അര്‍ജന്റീനയെ സെമിയിലേക്കെത്തിച്ചത്.

ഫൈനലില്‍ കിങ്സ്ലി കോമന്റെ പെനാല്‍ട്ടി തടുത്തിടുകയും ടച്ചോമെനിയെ ഡിസ്ട്രാക്ട് ചെയ്ത് കിക്ക് പാഴാക്കിക്കളയുകയും ചെയ്താണ് താരം 36 വര്‍ഷത്തിന് ശേഷം ടീമിന് ലോകകപ്പ് നേടിക്കൊടുത്തത്.

ലോകകപ്പ് നേടിയതിന് ശേഷവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ഏറ്റുവാങ്ങിയതിന് ശേഷവുമുള്ള താരത്തിന്റെ ചെയ്തികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും താരത്തിന് വിമര്‍ശകരെ നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

ഫുട്‌ബോളിന്റെ മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് മാര്‍ട്ടീനസ് കാണിച്ചതെന്നും എംബാപ്പെയുടെ ഒറ്റ ഷോട്ട് പോലും തടുക്കാന്‍ സാധിക്കാത്തതിന്റെ അസൂയ കൊണ്ടാണ് താരം ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തതെന്നുമാണ് പ്രധാനമായും വിമര്‍ശനമുയര്‍ന്നത്.

എന്നാലിപ്പോള്‍ മാര്‍ട്ടീനസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ആസ്റ്റണ്‍ വില്ല സൂപ്പര്‍ താരവും ഫുട്‌ബോള്‍ പണ്ഡിറ്റുമായ ഗബ്രിയേല്‍ അഗ്‌ബോണ്‍ലഹോര്‍.

‘ഒരുപക്ഷേ ഞാന്‍ അര്‍ജന്റീനക്കാരനായിരുന്നെങ്കില്‍, അവന്‍ തന്നെയായിരുന്നെങ്കില്‍ ഇതിനെ കുറിച്ചൊന്നും ചിന്തിക്കാന്‍ പോലും ശ്രമിക്കില്ലായിരുന്നു. ഇനി കുറച്ചുനാളുകള്‍ കഴിഞ്ഞാല്‍ ആളുകള്‍ അവന്റെ പ്രവര്‍ത്തികളെ കുറിച്ചൊന്നും ഓര്‍ക്കില്ല, അവര്‍ ആകെ ഓര്‍ക്കുന്നത് അവന്‍ അര്‍ജന്റീനക്ക് മറ്റൊരു ലോകകപ്പ് നേടിക്കൊടുത്തു എന്ന കാര്യമാകും.

അവന്‍ പെനാല്‍ട്ടി സ്‌പോട്ടില്‍ കൃത്രിമം കാണിക്കുകയോ പന്ത് പൊട്ടിക്കുകയോ ഒന്നും ചെയ്തിട്ടില്ല,’ അഗ്‌ബോണ്‍ലഹോര്‍ പറഞ്ഞു.

എന്നാല്‍ താരത്തിന്റെ പ്രവര്‍ത്തികള്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന് ചേര്‍ന്നതല്ലെന്നും അഗ്‌ബോണ്‍ലഹോര്‍ അഭിപ്രായപ്പെട്ടു.

‘അതൊരിക്കലും ഒരു മികച്ച സ്‌പോര്‍ട്‌സ്മാന്‍ഷിപ്പായിരുന്നില്ല പക്ഷേ ലോകകപ്പ് നേടാനുള്ള അതിയായ ആഗ്രഹമായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്. ഫ്രഞ്ച് താരങ്ങളെ മറികടന്ന് അര്‍ജന്റീന ലോകകപ്പ് നേടാന്‍ എന്തും ചെയ്യുമെന്ന് ഇത് കാണിച്ചുതന്നു. അതിലെനിക്ക് പ്രശ്‌നമൊന്നുമില്ല, അവനും അതിന് വില കൊടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അവനിപ്പോള്‍ ലോകകപ്പ് വിജയം ആഘോഷിക്കുന്നതിന്റെ തിരക്കിലായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ട്ടിനസ് ഇതുവരെയും തന്റെ ക്ലബ്ബായ ആസ്റ്റണ്‍ വില്ലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഡിസംബര്‍ 26ന് ലവിര്‍പൂളിനെയാണ് വില്ലന്‍സിന് നേരിടാനുള്ളത്.

Content highlight: Football Pundit backs Emiliano Martinez amid criticism

We use cookies to give you the best possible experience. Learn more