ലയണല്‍ മെസിക്കും പി.എസ്.ജിക്കുമിടയിലുള്ള സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിന് പിന്നാലെ താരത്തിന് മോഹ വില വാഗ്ദാനം ചെയ്ത് സൗദി അറേബ്യന്‍ ക്ലബ്ബ്. അല്‍ ഹിലാലാണ് 320 മില്യണ്‍ യൂറോയുടെ ഓഫര്‍ മെസിക്ക് മുന്നില്‍ വെച്ചുനീട്ടിയത്. ബി.ഇന്‍ സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘മെസിക്ക് സൗദി പ്രോ ലീഗില്‍ കളിക്കാനുള്ള ഓഫര്‍ വന്നിട്ടുണ്ട്. പ്രതിവര്‍ഷം 320 മില്യണ്‍ യൂറോയുടെ ഓഫറാണ് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ വെച്ചുനീട്ടിയിരിക്കുന്നത്. അത് അല്‍ നസറില്‍ ക്രിസ്റ്റ്യാനോക്ക് ലഭിക്കുന്നതിനേക്കാള്‍ രണ്ടിരട്ടിയാണ്,’ ബി.ഇന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഫുട്‌ബോള്‍ വിദഗ്ദനായ ആന്‍ഡി ഗ്രേ വിഷയത്തില്‍ തന്റെ പ്രതികരണമറിയിച്ചു. മെസി ഓഫര്‍ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്നും റൊണാള്‍ഡോ അല്‍ നസറില്‍ കഷ്ടപ്പെടുന്നതാണ് നമ്മള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സൗദി പ്രോ ലീഗിനെ കുറിച്ച് നമ്മള്‍ എന്താണ് കേട്ടുകൊണ്ടിരിക്കുന്നത്? ക്രിസ്റ്റ്യാനോ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം അവിടെയെത്തിയിട്ട് മൂന്ന് മാസം തികഞ്ഞതേയുള്ളൂ. ഇതിനകം അല്‍ നസറുമായുള്ള കരാര്‍ ബ്രേക്ക് ചെയ്യുമെന്ന നിലയിലായി,’ ആന്‍ഡി ഗ്രേ പറഞ്ഞു.
അതേസമയം, പി.എസ്.ജിയുടെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് ലയണല്‍ മെസിയെ ക്ലബ്ബ് സസ്‌പെന്റ് ചെയിതിരുന്നു. താരത്തെ രണ്ടാഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിലക്കുകയും അത്രയും ദിവസത്തെ വേതനം റദ്ദാക്കുകയുമാണ് പി.എസ്.ജി ചെയ്തത്.
ലീഗ് വണ്ണില്‍ ലോറിയന്റിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു മെസിയുടെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസിഡറായ മെസി പി.എസ്.ജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും താരത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം മെസി സൗദിയിലേക്ക് പോവുകയുമായിരുന്നെന്ന് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഖത്തര്‍ ലോകകപ്പിന് മുമ്പ് തന്നെ മെസിയുടെ കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി മേശപ്പുറത്ത് എത്തിച്ചിരുന്നെങ്കിലും താരം ഒപ്പ് വെക്കാന്‍ തയ്യാറായിരുന്നില്ല. ലോകകപ്പിന് ശേഷവും പി.എസ്.ജി താരവുമായി ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വിഫലമാവുകയായിരുന്നു. ഇതോടെ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരികെ പോകുമെന്നുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
എന്നിരുന്നാലും മെസി വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താരം പി.എസ്.ജിയില്‍ തുടരില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബാഴ്‌സയിലേക്ക് മടങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Content Highlights: Football pundit asks Messi to not take the offer from Al Hilal