ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗിലെ തുടർച്ചയായ കിരീട വരൾച്ചക്കും മോശം ഫോമിനും ശേഷം ഈ സീസണിൽ ഗംഭീര പ്രകടനമാണ് ചുവന്ന ചെകുത്താൻമാർ പുറത്തെടുക്കുന്നത്.
17 മത്സരങ്ങളിൽ നിന്നും 35പോയിന്റോടെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് യുണൈറ്റഡിപ്പോൾ. ഇതേ പ്രകടനം തുടർന്നും കാഴ്ച്ചവെക്കാനായാൽ യുണൈറ്റഡിന് അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാനാകും.
എന്നാൽ യുണൈറ്റഡിന്റെ മികച്ച പ്രകടനത്തിന് പിന്നിൽ ഡച്ച് കോച്ച് എറിക് ടെൻ ഹാഗിന്റെ കരങ്ങളാണ് എന്നാണ് ആരാധകരുടെയും ഫുട്ബോൾ വിദഗ്ധരുടെയും അഭിപ്രായം.
എന്നാലിപ്പോൾ യുവതാരം ജേഡൻ സാഞ്ചോയുടെ ക്ലബ്ബ് പ്രവേശനവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ടെൻ ഹാഗ്.
നെതർലൻഡ്സിൽ വ്യക്തിഗത പരിശീലനത്തിലായിരുന്ന സാഞ്ചോ എന്നാണ് ടീമിലേക്ക് തിരിച്ചെത്താത്തത് എന്ന് മാധ്യമപ്രവർത്തകർ തുടർച്ചയായി ചോദിച്ചപ്പോൾ അതിനെതിരെ പ്രതികരിക്കുകയായിരുന്നു എറിക് ടെൻ ഹാഗ്.
ക്ലബ്ബ് സീസണിലേക്ക് ശാരീരികവും മാനസികവുമായി തയ്യാറാകാനാണ് 22കാരൻ ജേഡൻ സാഞ്ചോ നെതർലൻഡ്സിൽ പരിശീലിച്ചിരുന്നത്.
“ഫുട്ബോൾ കളിക്കുന്നവർ റോബോട്ടുകളല്ല, സാഞ്ചോ അവന്റെ പരിശീലനം പൂർത്തിയാവുകയും കളിക്കാൻ തയ്യാറാവുകയും ചെയ്യുമ്പോൾ ക്ലബ്ബിലേക്ക് മടങ്ങിവരും. അടുത്ത ഘട്ടത്തിനായി തയ്യാറാകാനുള്ള കഠിനമായ ശ്രമത്തിലാണ് സാഞ്ചോസ്. അതുകൊണ്ട് കുറച്ച് മര്യാദ കാണിക്കണം,’ ടെൻ ഹാഗ് പറഞ്ഞു.
“സാഞ്ചോസ് എത്രയും പെട്ടെന്ന് തിരിച്ചു വരണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. പക്ഷെ ചില കാര്യങ്ങൾക്ക് ആളുകളെ നിർബന്ധിക്കാൻ നമുക്ക് കഴിയില്ല,’ ടെൻ ഹാഗ് കൂട്ടിച്ചേർത്തു.
2021ൽ ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർഡ്മുണ്ടിൽ നിന്നും 75മില്യൺ പൗണ്ടിനാണ് ഇംഗ്ലീഷ് യുവതാരം സാഞ്ചോസിനെ യുണൈറ്റഡ് ടീമിലെത്തിച്ചത്. ഡോർഡ്മുണ്ടിനായി 137 മത്സരങ്ങളിൽ നിന്നും 50 ഗോളുകളും 64 അസിസ്റ്റുകളുമായി തിളങ്ങിയ താരത്തിന് പക്ഷെ മാൻയുണൈറ്റഡിൽ ചുവടുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.