ഖത്തര്‍ ലോകകപ്പിന് ശേഷം പ്രതിഫലം പതിന്മടങ്ങുയര്‍ത്തിയ അഞ്ച് താരങ്ങള്‍
Football
ഖത്തര്‍ ലോകകപ്പിന് ശേഷം പ്രതിഫലം പതിന്മടങ്ങുയര്‍ത്തിയ അഞ്ച് താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st December 2022, 11:33 am

ജനുവരിയില്‍ നടക്കാനിരിക്കുന്ന ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വലിയ പ്രതിഫലനമാണ് ഖത്തര്‍ ലോകകപ്പ് സൃഷ്ടിച്ചിരിക്കുന്നത്. വേള്‍ഡ് കപ്പിന് മുമ്പ് തന്നെ വലിയ വിലയുണ്ടായിരുന്ന താരങ്ങളുടെ മൂല്യത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കാന്‍ ഖത്തര്‍ ലോകകപ്പ് സഹായകരമായി. അതോടൊപ്പം നിരവധി യുവതാരങ്ങളുടെ മൂല്യവും ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ കുതിച്ചുയര്‍ന്നു.

ഇംഗ്ലണ്ടിന്റെ മിഡ് ഫീല്‍ഡറും നിലവില്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിന് വേണ്ടി ബൂട്ട് കെട്ടുകയും ചെയ്യുന്ന ജൂഡ് ബെല്ലിങ് ഹാം ആണ് ഇക്കൂട്ടത്തില്‍ പ്രധാനി. ഖത്തറിലെ മികച്ച പ്രകടനത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ഭാവി സൂപ്പര്‍ താരമെന്ന് പേരെടുക്കാന്‍ ജൂഡിനായിട്ടുണ്ട്. 19കാരനായ താരത്തിനായി ലിവര്‍ പൂള്‍, മാഞ്ചസ്റ്റര്‍, റയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകള്‍ രംഗത്തുണ്ട്.

നേരത്തെ 704 കോടിയായിരുന്ന ബെല്ലിങ് ഹാമിന്റെ മൂല്യം ഇപ്പോള്‍ 870 കോടി മുതല്‍ 1300 കോടിവരെ ഉയര്‍ന്നിട്ടുണ്ട്.

ലോകകപ്പില്‍ മൊറോക്കയുടെ മധ്യനിരയെ ചലനാത്മകമാക്കിയ താരമാണ് സോഫ്യന്‍ അംറബാത്. സെമി ഫൈനലിന് മുമ്പ് അഞ്ച് മത്സരത്തില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് മൊറോക്കോ വഴങ്ങിയത്.

ഇറ്റാലിയന്‍ ക്ലബ്ബായ ഫിയോറെന്റിനയിലാണ് അംറബാത് നിലവില്‍ കളിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍ പൂള്‍ താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. 402 കോടി രൂപയാണ് താരത്തെ സ്വന്തമാക്കാന്‍ ലിവര്‍ പൂള്‍ മുന്നോട്ടു വെക്കുന്ന വാഗ്ദാനം.

ഫിഫ ലോകകപ്പ് 2022ലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ മിന്നും താരമാണ് എന്‍സോ ഫെര്‍ണാണ്ടസ്. അര്‍ജന്റീനയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ താരത്തിനായിട്ടുണ്ട്. കഴിഞ്ഞ ട്രാന്‍സ്ഫറില്‍ 100 കോടി രൂപ മുടക്കിയാണ് ബെന്‍ഫിക്ക ഫെര്‍ണാണ്ടസിനെ ക്ലബ്ബിലെത്തിച്ചത്.

എന്നാല്‍ ഇനി 880 കോടി രൂപയെങ്കിലും മുടക്കിയാല്‍ മാത്രമേ താരത്തെ സ്വന്തമാക്കാനാകൂ. ലിവര്‍പൂള്‍, മാഞ്ചസറ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ എന്നീ ക്ലബ്ബുകള്‍ താരത്തെ സ്വന്തമാക്കാന്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രൊയേഷ്യയുടെ സ്‌റ്റൈലന്‍ പ്ലെയര്‍ ജോസ്‌കോ ഗ്വാര്‍ഡിയോള്‍ ആണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ തിളങ്ങാന്‍ പോകുന്ന മറ്റൊരു താരം. ലോകകപ്പില്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ മുന്‍നിര ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ഗ്വാര്‍ഡിയോള്‍.

നിലവില്‍ ആര്‍.ബി. ലെയ്പ്‌സിഗിനായി ബൂട്ടുകെട്ടുന്ന താരത്തിനായി ചെല്‍സി എഫ്.സിയാണ് മുന്‍നിരയിലുള്ളത്. തൊട്ടുപിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയല്‍ മാഡ്രിഡ് ക്ലബ്ബുകളുമുണ്ട്. 805 കോടി രൂപയാണ് താരത്തെ സ്വന്തമാക്കാനായി പ്രതീക്ഷിക്കപ്പെടുന്ന വില.

നെതര്‍ലന്‍ഡ്‌സിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച താരമാണ് കോഡി ഗോക്‌പോ. നിലവില്‍ പി.എസ്.വി ഐന്തോവനിലാണ് താരം കളിക്കുന്നത്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഗോകപോക്ക് ട്രാന്‌സ്ഫര്‍ മാര്‍ക്കറ്റില്‍ മൂല്യമുണ്ടായിരുന്നു. ഇപ്പോള്‍ താരത്തെ സ്വന്തമാക്കാന്‍ 503 കോടി രൂപയാണ് മുടക്കേണ്ടത്.

Content Highlights: Football players and their transfer market values