| Monday, 30th December 2019, 8:41 am

ഫുട്‌ബോള്‍ മത്സരത്തിനിടെ മുന്‍ സന്തോഷ് ട്രോഫി താരം കുഴഞ്ഞുവീണു മരിച്ചു; വിടപറഞ്ഞത് കേരളത്തിനും ബംഗാളിനുമായി ബൂട്ടണിഞ്ഞ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ മുന്‍ സന്തോഷ് ട്രോഫി താരം ധന്‍രാജ് (39) കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച രാത്രി നടന്ന 48-ാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണു നെഞ്ചുവേദന അനുഭവപ്പെട്ടതും തുടര്‍ന്നു കുഴഞ്ഞുവീണതും.

സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവുമെത്തി ഉടന്‍തന്നെ അദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അരമണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തനിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ധന്‍രാജ് റഫറിയോടു സൂചിപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണു കുഴഞ്ഞുവീണത്. എഫ്.സി പെരിന്തല്‍മണ്ണയ്ക്കു വേണ്ടിയാണ് അദ്ദേഹം കളത്തിലിറങ്ങിയത്.

പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധന്‍രാജ് മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, വിവകേരള തുടങ്ങിയ ടീമുകള്‍ക്കു വേണ്ടി ഏറെക്കാലം കളിച്ച താരമാണ്.

ബംഗാളിനും കേരളത്തിനും വേണ്ടിയാണ് അദ്ദേഹം സന്തോഷ് ട്രോഫിയില്‍ ബൂട്ടണിഞ്ഞിട്ടുള്ളത്. 2014-ല്‍ മഞ്ചേരിയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ മുഹമ്മദന്‍സിന്റെ ക്യാപ്റ്റനായിരുന്നു.

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കാത്തിരിക്കുകയായിരുന്നു അദ്ദേഹം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊട്ടേക്കാട് തെക്കോണിയില്‍ പരേതരായ രാധാകൃഷ്ണന്‍-മാരി ദമ്പതികളുടെ മകനായ ധന്‍രാജ് ഇപ്പോള്‍ പാലക്കാട് മലമ്പുഴ ടാലന്റ് ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകനാണ്. ഭാര്യ: അര്‍ച്ചന. മകള്‍: ശിവാനി.

We use cookies to give you the best possible experience. Learn more