'ഫുട്‌ബോള്‍ മാമാങ്കം ഇനി സൗദി അറേബ്യയില്‍; ഇതിഹാസങ്ങള്‍ ഒന്നിനുപുറകെ ഒന്നായി അറേബ്യന്‍ മണ്ണിലേക്ക്'
Football
'ഫുട്‌ബോള്‍ മാമാങ്കം ഇനി സൗദി അറേബ്യയില്‍; ഇതിഹാസങ്ങള്‍ ഒന്നിനുപുറകെ ഒന്നായി അറേബ്യന്‍ മണ്ണിലേക്ക്'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st May 2023, 10:20 am

ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിട്ട് ഫ്രീ ഏജന്റാകുന്ന അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ റെക്കോഡ് തുക നല്‍കി മെസിയെ സ്വന്തമാക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

400 മില്യണ്‍ യൂറോയാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ വെച്ചുനീട്ടിയിരിക്കുന്നത്. താരവുമായി കൂടിക്കാഴ്ച നടത്തിയ ക്ലബ്ബ് താരത്തെ റാഞ്ചിക്കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റയല്‍ മാഡ്രിഡ് ഇതിഹാസം കരിം ബെന്‍സെമയും യൂറോപ്യന്‍ അദ്ധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി പ്രോ ലീഗില്‍ കളിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത സൗദി അറേബ്യന്‍ ക്ലബ്ബുകളിലൊന്ന് മോഹ വില നല്‍കിയാണ് താരവുമായി സൈനിങ് നടത്തുകയെന്നാണ് സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സീസണിന്റെ അവസാനത്തോടെ ലോസ് ബ്ലാങ്കോസുമായി കരാര്‍ അവസാനിക്കുന്ന ബെന്‍സെമയെ ഫിറ്റനെസും പ്രായവും കണക്കിലെടുത്ത് ക്ലബ്ബില്‍ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൗദി അറേബ്യന്‍ ക്ലബ്ബിന്റെ ഓഫര്‍ ആദ്യം നിരസിച്ച ബെന്‍സെമ പിന്നീട് തന്റെ അഭിപ്രായം തിരുത്തുകയും റയല്‍ മാഡ്രിഡിനെ വിവരമറിയിക്കുകയുമായിരുന്നും. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സൗദിയിലെത്തിച്ചതിന് ശേഷം വലിയ പുരോഗമനമാണ് സൗദി ലീഗില്‍ ഉണ്ടായിരിക്കുന്നത്.

തങ്ങളുടെ തട്ടകത്തിലേക്ക് റൊണാള്‍ഡോയെത്തിയതോടെ അല്‍ നസറിന്റെ ബ്രാന്‍ഡ് മൂല്യവും ഓഹരി മൂല്യവും വന്‍ തോതില്‍ വര്‍ധിച്ചിരുന്നു. ഇതോടെയാണ് യൂറോപ്പില്‍ നിന്നും കൂടുതല്‍ സൂപ്പര്‍ താരങ്ങളെ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാന്‍ സൗദി ക്ലബ്ബുകള്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.

മെസിയെയും ബെന്‍സെമയെയും മാത്രമല്ല, കഴിഞ്ഞ ദിവസം ബാഴ്‌സലോണയില്‍ നിന്ന് വിടവാങ്ങല്‍ പ്രഖ്യാപിച്ച സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനെയും ജോര്‍ധി ആല്‍ബയെയും സൗദി അറേബ്യന്‍ ക്ലബ്ബുകള്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുണ്ട്.

ഇവര്‍ക്ക് പുറമെ റയല്‍ മാഡ്രിഡ് ഇതിഹാസവും നിലവില്‍ പി.എസ്.ജിക്കായി ബൂട്ടുകെട്ടുകയും ചെയ്യുന്ന സെര്‍ജിയോ റാമോസിനെയും സൗദി ക്ലബ്ബ് തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നിരുന്നാലും സൂപ്പര്‍താരങ്ങള്‍ സൗദി ക്ലബ്ബുകളുടെ ക്ഷണം സ്വീകരിച്ച് മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറി തുടങ്ങിയാല്‍ ഫുട്‌ബോള്‍ ചരിത്രത്തിന് വേദിയാകാനൊരുങ്ങുന്നത് അറേബ്യന്‍ മണ്ണായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

Content Highlights: Football legends are preparing to move to Saudi Arabian clubs in the end of the season, says report