എംബാപ്പെയല്ല, ഫ്രഞ്ച് ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിന്റെ പേര് പറഞ്ഞ് സിനദിന്‍ സിദാന്‍
Football
എംബാപ്പെയല്ല, ഫ്രഞ്ച് ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിന്റെ പേര് പറഞ്ഞ് സിനദിന്‍ സിദാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st May 2023, 7:49 am

ആധുനിക ഫുട്‌ബോളില്‍ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കുമൊപ്പം പ്രകടനമികവുകൊണ്ട് എത്തി നില്‍ക്കുന്ന താരമാണ് ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. നിലവില്‍ ബൂട്ടുകെട്ടുന്ന പി.എസ്.ജിയില്‍ മാത്രമല്ല ഫ്രാന്‍സ് ദേശീയ ടീമിലും താരം തന്റെ കഴിവ് തെളിയിച്ചതാണ്.

എന്നാല്‍ ഫ്രഞ്ച് ഫുട്‌ബോളിലെ ദ ബെസ്റ്റ് പ്ലെയര്‍ എന്ന് ഇതിഹാസതാരം സിനദിന്‍ സിദാന്‍ വിശേഷിപ്പിച്ചത് എംബാപ്പെയെ അല്ല. 35ാം വയസിലും സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന ബെന്‍സെമയെ പ്രശംസിച്ചാണ് സിദാന്‍ സംസാരിച്ചത്.

കഴിഞ്ഞ സീസണില്‍ ബെന്‍സെമ ബാലണ്‍ ഡി ഓര്‍ നേടിയതിന് പിന്നാലെ താരത്തെ പ്രശംസിച്ച് സിദാന്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍. തന്നെ സംബന്ധിച്ച് ബെന്‍സെമയാണ് മികച്ച ഫ്രഞ്ച് ഫുട്‌ബോളര്‍ എന്നും അതാണിവിടെ അദ്ദേഹം തെളിയിച്ച് കൊണ്ടിരിക്കുന്നതെന്നുമാണ് ബെന്‍സെമ പറഞ്ഞത്. സി.എന്‍.എന്നിനോടാണ് സിദാന്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘കുറെ കാലമായി റയല്‍ മാഡ്രിഡില്‍ കളിക്കുന്ന താരമാണ് ബെന്‍സെമ. 500ല്‍ കൂടുതല്‍ മത്സരങ്ങള്‍ അവന്‍ റയലിനായി കളിച്ചു. അവന്റെ ഗോള്‍ നേട്ടങ്ങള്‍ ഓരോ റെക്കോഡുകളായി നമ്മോട് സംസാരിക്കുന്നു. എന്നെ സംബന്ധിച്ച് അതെ, ബെന്‍സെമയാണ് മികച്ച താരം,’ സിദാന്‍ പറഞ്ഞു.

അതേസമയം, ബെന്‍സെമ ഈ സീസണിന്റെ അവസാനത്തോടെ ലോസ് ബ്ലാങ്കോസുമായി പിരിയുമെന്ന് റിപ്പോര്‍ട്ടുണ്ട്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതിന് സമാനമായ വേതനം നല്‍കി ബെന്‍സെമയെ സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 214 മില്യണ്‍ യൂറോക്ക് രണ്ട് വര്‍ഷത്തെ കരാറിലാണ് താരത്തെ ഇത്തിഹാദ് സ്വന്തമാക്കുക.

റയല്‍ മാഡ്രിഡില്‍ ബെന്‍സെമയുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെങ്കിലും അടുത്ത സീസണിലേക്കുള്ള ക്ലബ്ബിന്റെ സ്റ്റാറ്റസ് സംബന്ധ വിവരങ്ങള്‍ ബെന്‍സമയെ അറിയിച്ചിട്ടില്ലെന്നും തുടര്‍ന്ന് താരം റയല്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അല്‍ ഇത്തിഹാദിന്റെ ഓഫര്‍ ആദ്യം നിരസിച്ച ബെന്‍സെമ പിന്നീട് ക്ലബ്ബ് മോഹവില വാഗ്ദാനം ചെയ്തപ്പോള്‍ ക്ലബ്ബുമായി സൈനിങ് നടത്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബെന്‍സെമ റയലിന്റെ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ ക്രിസ്റ്റ്യാനോക്ക് ശേഷം ഉയര്‍ന്ന വേതനത്തില്‍ മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുന്ന ലോകത്തെ രണ്ടാമത്തെ താരമായി ബെന്‍സെമ മാറും. അതേസമയം, ക്രിസ്റ്റ്യാനോയുടെ അല്‍ നസറിന്റെ ചിര വൈരികളായ അല്‍ ഇത്തിഹാദ് ആണ് സൗദി പ്രോ ലീഗില്‍ ഒന്നാം സ്ഥാനത്ത്.

2009ല്‍ റയല്‍ മാഡ്രിഡിലെത്തിയ ബെന്‍സെമ 647 മത്സരങ്ങളില്‍ നിന്ന് 353 ഗോളും 165 അസിസ്റ്റുകളുമാണ് അക്കൗണ്ടിലാക്കിയിരിക്കുന്നത്. 2022-23 സീസണില്‍ മാത്രം 42 മത്സരങ്ങളില്‍ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചിരുന്നു.

Content Highlights: Football legend Zinadine Zidane praises Karim Benzema