2022 ഖത്തര്‍ ലോകകപ്പില്‍ ഗോളടിച്ചുകൂട്ടിയാണ് ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ തരംഗമാവുന്നത്. തന്റെ രണ്ടാമത് മാത്രം ലോകകപ്പ് കളിക്കുന്ന എംബാപ്പെ ലോകകപ്പില്‍ നേടുന്ന ഗോളിന്റെ എണ്ണത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മറികടക്കുകയും ലയണല്‍ മെസിക്ക് ഒപ്പം എത്തുകയും ചെയ്തിരുന്നു.
തന്റെ അരങ്ങേറ്റ ലോകകപ്പില്‍ നാല് ഗോള്‍ നേടിയ എംബാപ്പെ ഈ ലോകകപ്പില്‍ ഇതിനോടകം തന്നെ അഞ്ച് ഗോള്‍ നേടിയിട്ടുണ്ട്. 2022 ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തിലും മുമ്പന്‍ എംബാപ്പെ തന്നെയാണ്.
ഇതിനെല്ലാം പുറമെ ഫുട്‌ബോള്‍ ലെജന്‍ഡ് പെലെയുടെ ഒരു റെക്കോഡും എംബാപ്പെ മറികടന്നിരുന്നു. ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന 24 വയസില്‍ താഴെയുള്ള താരമെന്ന റെക്കോഡായിരുന്നു താരം സ്വന്തം പേരിലാക്കിയത്.
ഇപ്പോഴിതാ, സാക്ഷാല്‍ പെലെ തന്നെ താരത്തിന്റെ ട്വീറ്റിന് മറുപടിയുമായെത്തിയിരിക്കുകയാണ്. തന്റെ റെക്കോഡ് തകര്‍ത്തതില്‍ സന്തോഷമുണ്ടെന്നായിരുന്നു പെലെ പറഞ്ഞത്.
‘നന്ദി എംബാപ്പെ. ഈ ലോകകപ്പില്‍ ഞാന്‍ സൃഷ്ടിച്ച മറ്റൊരു റെക്കോഡ് കൂടി നീ തകര്‍ക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു പ്രിയ സുഹൃത്തേ,’ എന്നായിരുന്നു പെലെ എംബാപ്പെക്ക് മറുപടി നല്‍കിയത്.
ലീഗ് വണ്ണിലും ചാമ്പ്യന്‍സ് ലീഗിലും പി.എസ്.ജിക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന എംബാപ്പെ ലോകകപ്പിലും ആ പ്രകടനം ആവര്‍ത്തിക്കുകയാണ്. ഖത്തര്‍ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് നേടാനുള്ള മത്സരത്തില്‍ മറ്റെല്ലാവരെക്കാളും മുന്നിലോടുന്നത് എംബാപ്പെയാണ്.
അര്‍ജന്റൈന്‍ ലെജന്‍ഡ് ലയണല്‍ മെസിയും ബ്രസീല്‍ സൂപ്പര്‍ താരം റിച്ചാര്‍ലിസണും ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ബുക്കായോ സാക്കയുമെല്ലാം മൂന്ന് ഗോള്‍ നേടിയപ്പോള്‍ അഞ്ച് ഗോളാണ് എംബാപ്പെ ഇതിനോടകം കുറിച്ചിരിക്കുന്നത്.
താരത്തിന്റെ മിന്നുന്ന പ്രകടനം തന്നെയാണ് ഫ്രാന്‍സിന്റെ ഏററവും വലിയ കരുത്തും. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്ന ഫ്രാന്‍സ് ഏറ്റവുമധികം വിശ്വാസമര്‍പ്പിക്കുന്നതും എംബാപ്പെയുടെ കാലുകളെ തന്നെയാണ്.
Content Highlight: Football legend Pele replied to Mbappe