ലോകകപ്പ് ആരവത്തിന്റെ ലഹരിയിലാണ് ലോകമെങ്ങും. കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്വന്തം ടീമിനെ നെഞ്ചോടു ചേര്‍ക്കുകയാണ് ഓരോ ഫുട്‌ബോള്‍ ആരാധകരും. ലോകകപ്പ് ആരവം കേരള മന്ത്രിസഭയിലും മുഴങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ഇഷ്ടടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈദ്യുതി മന്ത്രി എം.എം മണിയാണ് ആദ്യം രംഗത്തെത്തിയത്. അര്‍ജന്റീനന്‍ ടീമിന്റെ ടീ ഷര്‍ട്ട് ധരിച്ച് ചങ്കിടിപ്പാണ് അര്‍ജന്റീന, അന്നും ഇന്നും എന്നും എന്ന അടികുറിപ്പോടെയാണ് മണി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
നിമിഷ നേരം കൊണ്ട് അയ്യായിരത്തില്‍ പരം ലൈക്കും 500 പരം ഷെയറും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ മണിയുടെ കുറിപ്പ് വൈറലായി.
ഇതോടെ എം.എം മണിക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എത്തി. “ചങ്കിടിപ്പല്ല ചങ്കുറപ്പാണ്…കാനറിപ്പടയാണ് ആശാനേ കാല്‍പ്പന്തിന്റെ ആവേശം…മഞ്ഞപ്പടയുടെ മാന്ത്രികതയ്‌ക്കൊപ്പം..” എന്ന് പറഞ്ഞാണ് കടംകംപള്ളി മണിക്ക് മറുപടി നല്‍കിയത്.
പിന്നാലെ തന്നെ ഇഷ്ട ടീം അര്‍ജന്റീനയെന്ന് പറഞ്ഞ് മന്ത്രി തോമസ് ഐസകും എത്തി. “ചെഗുവേരയുടെ അര്‍ജന്റീന… മെസിയുടെയും.
ടീമല്ല, നിലപാടാണ് അര്‍ജന്റീന. ഇസ്രായേലിന്റെ കൊലവെറിയോട് സൌഹൃദമില്ലെന്ന ചങ്കുറപ്പിന്റെ പേര്. തോറ്റാലും ജയിച്ചാലും അര്‍ജന്റീനയ്‌ക്കൊപ്പം”- എന്നായിരുന്നു തോമസ് ഐസകിന്റെ പോസ്റ്റ്.
നിരവധിയാളുകളായിരുന്നു എം.എം മണിയുടെ പോസ്റ്റിനടിയില്‍ കമന്റ് ചെയ്തത്. “ആശാനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഈ കാര്യത്തില്‍ മാത്രമാണ്. കപ്പ് ബ്രസീല്‍ കൊണ്ടു പോകും ആശാനെ”. എന്നാണ് ഒരുത്തന്റെ കമന്റ്.
ആശാന്റെ ടീം തോല്‍ക്കുന്നത് ഇഷ്ടമല്ല.. എന്നാലും ഒരു കാര്യം പറയാം. ബ്രസീല്‍ ജയിക്കും കപ്പെടുക്കും. ക്ഷമീര് ആശാനേ.. എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇങ്ങള് ടീം എതായാലും ഞമ്മക്ക്പ്രശ്‌നല്ല. കളി നടക്കുമ്പോ ഇങ്ങള് കരണ്ട് വലിക്കാന്‍ നിക്കല്ലി ട്ടോ ആശാനേ എന്നായിരുന്നു മറ്റൊരു വിരുതന്റെ കമന്റ്.
“സഖാവെ ഇതിനോട് ഞാന്‍ യോജിക്കൂല ഞാന്‍ എതിര്‍ കക്ഷിയാ വിവ ബ്രസീല്‍” എന്നാണ് ബ്രസീല്‍ ഫാന്‍സുകാരനായ മുഹമ്മദ് ശഹീര്‍ കമന്റിട്ടിരിക്കുന്നത്.
ആശാനേ നമക്ക് ബ്രസീലിന്റെ കളീടെ സമയത്ത് കേരളത്തില്‍ മൊത്തം കറന്റ് കളയണം കേട്ടോ.. കട്ട സപ്പോര്‍ട്ട് എന്ന് പറഞ്ഞായിരുന്നു മറ്റൊരു കമന്റ്.
ഇതോടെ അര്‍ജന്റീന ഫാന്‍സുകാര്‍ കൂട്ടത്തോടെ മണിക്കും അര്‍ജന്റീനനയ്ക്കും പിന്തുണ അര്‍പ്പിച്ച് എത്തുകയും ചെയ്തു.
കടംകംപള്ളിയുടെ പോസ്റ്റിന് താഴെയും പിന്തുണയുമായും ബ്രസില്‍ ആരാധകര്‍
ഓടിയെത്തി. പൊളിച്ചു ബ്രോ ആശാന്റെ ടീമിനെ നമുക്ക് തുരത്തണം എന്നായിരുന്നു ഒരു കമന്റ്.
അര്‍ജന്റീനയെയും ബ്രസീലിനെയും ചൊല്ലി സി.പി.ഐ.എം മന്ത്രിമാര്‍ തുറന്ന പോരിലേയ്ക്ക്. ഇന്നത്തെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ച ചെയ്യുന്നു, “കടകംപള്ളിയ്ക്കു മുന്നില്‍ കാലിടറുമോ ആശാന്റെ അര്‍ജന്റീന”…എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ആശാന്റെ അത്ര റീച്ച് കിട്ടില്ല കടകം പള്ളി സഖാവേ.. കേരളത്തില്‍ അര്‍ജ്ജ്ന്റീന ഫാന്‍സ് ആണ് കൂടുതല്‍ എന്നുപറഞ്ഞും ചിലര്‍ എത്തിയിട്ടുണ്ട്.
അതേസമയം ഫുട്‌ബോള്‍ തട്ടുന്ന ചിത്രം ഫേസ്ബുക്കില്‍ കവര്‍ഫോട്ടോയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫുട്‌ബോള്‍ പ്രണയം തുറന്നുകാട്ടിയത്.
ഇന്ന് ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ, സഊദി അറേബ്യയെയാണ് നേരിടുന്നത്. രാത്രി 8.30ന് മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം.