ബാഴ്‌സലോണ: നീണ്ട നാളത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കറ്റാലന്‍ ജനതയിന്ന് സ്‌പെയിനില്‍ നിന്നും സ്വതാന്ത്ര്യം പ്രഖ്യാപിച്ചു. കാലങ്ങളായി നീണ്ടു നിന്ന കാറ്റലോണിയ-സ്‌പെയിന്‍ ഭിന്നത രാഷ്ട്രീയത്തിലെന്ന പോലെ കായിക രംഗത്തു നില നിന്നിരുന്നു. ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ പോരിലൊന്നായ ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് വൈരത്തിന്റെ ആണിക്കല്ല് കിടക്കുന്നതും അതിലാണ്.
ഇന്ന് കാറ്റലോണിയ സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ നാളുകളായി കായികലോകം ആശങ്കയോടെ നോക്കിയിരുന്ന വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇനി എന്താണ് ബാഴ്‌സയുടെ വിധി. കാറ്റലോണിയന്‍ ക്ലബ്ബായ ബാഴ്‌സ സ്പാനിഷ് ലീഗില്‍ തുടരുമോ അതോ പിന്‍വാങ്ങുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
കറ്റാലന്‍ പ്രക്ഷോഭത്തില്‍ പിന്തുണ അറിയിച്ച് ക്ലബ്ബ് എന്നും രംഗത്തെത്തിയിരുന്നെങ്കിലും കളിയുടെ കാര്യത്തില്‍ ആ നിലപാട് തന്നെയായിരിക്കുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ഇന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോഴും കാല്‍പ്പന്താരാധകര്‍ ആശങ്കാകുലരായതും അതിനെ കുറിച്ചായിരുന്നു.
കാറ്റലോണിന്റെ സ്വയംഭരണാവകാശം റദ്ദാക്കാനുള്ള ശ്രമം സ്പെയിന്‍ തുടരുന്നതിനിടെയാണ് കാറ്റലോണിയ പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ബാഴ്‌സലോണയിലെ പ്രാദേശിക പാര്‍ലമെന്റ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.
കറ്റാലന്‍ പാര്‍ലമെന്റിലെ 82 അംഗങ്ങളില്‍ 70 പേരും പ്രമേയത്തെ അംഗീകരിച്ചു. രാജ്യങ്ങള്‍ കാറ്റലോണിയയെ അംഗീകരിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. പ്രതിപക്ഷം വിട്ടുനിന്നു.
എന്നാല്‍ പ്രഖ്യാപനത്തിന് നിയമസാധുത ഇല്ലെന്ന് സ്പെയിന്‍ അവകാശപ്പെട്ടു. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് അഭ്യര്‍ത്ഥിച്ചു. ക്രമസമാധാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്പെയനിലെ ഏറ്റവും സമ്പന്നമായ കാറ്റലോണില്‍ 75 ലക്ഷത്തോളം ജനങ്ങളുണ്ട്. നേരത്തെ നടന്ന ഹിതപരിശോധനാഫലത്തില്‍ കാറ്റലോണിയക്ക് പുറത്തുപോകാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും ഫലം സ്പെയിന്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന പ്രക്ഷോഭങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുന്ന നടപടിയായിരുന്നു കൈക്കൊണ്ടത്.
കടുത്ത നടപടികളുമായി രംഗത്തെത്തിയ സ്പെയിന്‍ ഭരണകൂടം, കാറ്റലോണിയയിലെ വാര്‍ത്താവിതരണ വിഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഹിതപരിശോധന നടത്താതിരിക്കാനായി പോളിങ് ബൂത്തുകളും സ്‌കൂളുകളും പോലീസ് സീല്‍ ചെയ്യുകയും ചെയ്തിരുന്നു.