ഇന്ത്യക്കെതിരായ ബംഗ്ലാദേശ് വിജയം ആഘോഷിച്ച് അർജന്റീനയിലെ ഫുട്ബോൾ ആരാധകർ
Indian Cricket
ഇന്ത്യക്കെതിരായ ബംഗ്ലാദേശ് വിജയം ആഘോഷിച്ച് അർജന്റീനയിലെ ഫുട്ബോൾ ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th December 2022, 3:07 pm

ഇന്ത്യയുടെ ത്രിദിന ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം അവസാന ഓവർ വരെ നീണ്ട് നിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യക്ക് ഇതോടെ പരമ്പര നഷ്ടമായി.

എന്നാൽ ബംഗ്ലാദേശിന്റെ വിജയം അർജന്റീനയുടെ നഗര ചത്വരങ്ങളിൽ ആഘോഷിച്ച് തിമിർക്കുന്ന അർജന്റീന ഫുട്ബോൾ ആരാധകരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുന്നത്.

ബംഗ്ലാദേശിന്റെ ആദ്യ ഏകദിന വിജയത്തോടെ തന്നെ അർജന്റീന ഫുട്ബോൾ ആരാധകർ തെരുവുകളിൽ ബംഗ്ലാദേശ് പതാക വീശി ആഘോഷം തുടങ്ങുകയും സാമൂഹ്യ മാധ്യമങ്ങളിൽ സ്പാനിഷ്, ബംഗാളി ഭാഷകളിൽ ആശംസ സന്ദേശങ്ങൾ കൈ മാറുകയും ചെയ്തിരുന്നു.

പ്രാദേശികവും, സാംസ്കാരികപരവും, രാഷ്ട്രീയപരവുമായ വ്യത്യാസങ്ങൾ നിലനിൽക്കുന്ന രണ്ട് വിദൂര പ്രദേശങ്ങളെ ഫുട്ബോൾ എങ്ങനെ ഒരുമിപ്പിക്കുന്ന എന്നതിന് ഉത്തമ ഉദാഹരണമാണ് ബംഗ്ലാദേശും അർജന്റീനയും.

അർജന്റീന ഫുട്ബോൾ ടീമിനും മെസ്സിക്കും വലിയ ആരാധക പിന്തുണയുള്ള രാജ്യമാണ് ബംഗ്ലാദേശ്. അർജന്റീനയുടെ ഓരോ വിജയവും ബംഗ്ലാദേശിലും, അർജന്റീന യിലുമുള്ള ബംഗ്ലാദേശികൾ വലിയ രീതിയിൽ ആഘോഷിക്കുകയും ഇത് അർജന്റീനയിലെ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിരുന്നു.

ബംഗ്ലാദേശുകാർ തങ്ങളുടെ രാജ്യത്തെയും ഫുട്ബോളിനെയും ഇത്രയേറെ സ്‌നേഹിക്കുമ്പോൾ ബംഗ്ലാദേശിൽ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമായ ക്രിക്കറ്റിനെ തിരിച്ച് സ്നേഹിക്കാൻ അർജന്റീനക്കാർ തീരുമാനിച്ചു.

അതിനായി അവർ ആരംഭിച്ച അർജന്റൈൻ ഫാൻസ്‌ ഓഫ് ദി ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പിൽ ഇതുവരെ അംഗമായത് ഒരു ലക്ഷത്തോളം അർജന്റീനക്കാരാണ്.

1800 കളിൽ തന്നെ ബ്രിട്ടീഷുകാർ അർജന്റീനയിൽ ക്രിക്കറ്റ്‌ എത്തിച്ചിരുന്നെങ്കിലും ഫുട്ബോൾ ജ്വരത്തിനുമേൽ പടർന്നു പന്തലിക്കാൻ ക്രിക്കറ്റിനു കഴിഞ്ഞിരുന്നില്ല. അതിനാൽ ഇപ്പോൾ അർജന്റീനക്കാർ ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീമിനെയാണ് പിന്തുണയ്ക്കുന്നത്.

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ അവസാന ഏകദിനം ഡിസംബർ 10നാണ് നടക്കുന്നത്. പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കിയ ബംഗ്ലാ കടുവകൾക്ക് ശേഷിക്കുന്ന മത്സരം കൂടി വിജയിച്ചാൽ ഇന്ത്യക്കെതിരെ വൈറ്റ് വാഷ് വിജയം സ്വന്തമാക്കാം.

അതേസമയം ഫുട്ബോൾ ലോകകപ്പിൽ ഡിസംബർ10 ന് ഇന്ത്യൻ സമയം പുലർച്ചെ 12:30 നാണ് നെതർലാൻഡ്സിനെതിരെ യുള്ള അർജന്റീനയുടെ ക്വാർട്ടർ ഫൈനൽ പോരാട്ടം.

Content Highlights:Football fans in Argentina celebrate Bangladesh’s victory over India