| Sunday, 11th December 2022, 7:23 pm

'അഡ്മിന്‍ മെസി ഫാനാണോ'; കേരള പൊലീസിന്റെ ട്രാഫിക്ക് അവബോധ പോസ്റ്റിന് താഴെ ഒത്തുകൂടി ഫുട്‌ബോള്‍ ഫാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോകകപ്പിന് മുന്നോടിയായി കോഴിക്കോട് പുള്ളാവൂര്‍ ചെറുപുഴയില്‍ സ്ഥാപിച്ച മെസി- നെയ്മര്‍- റൊണാള്‍ഡോ വമ്പന്‍ കട്ടൗട്ടുകളില്‍ മെസി മാത്രം ബാക്കിയായിരിക്കുകയാണ്.

പോര്‍ച്ചുഗലും ബ്രസീലും ക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങി ലോകകപ്പില്‍ നിന്ന് പുറത്തുപോയതോടെ നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റിയിരുന്നു.

ഇതുമായി ബന്ധപ്പെടുത്തി കേരളാ പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ട്രാഫിക്ക് അവബോധം നല്‍കുന്നതിന്റെ ഭാഗമായി പങ്കുവെച്ച പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്.

ലോകകപ്പില്‍ നിന്ന് പുറത്തുപോയ ബ്രസീലിന്റെ നെയ്മറിനെ ചുവപ്പ് നിറമായും പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോയെ മഞ്ഞ നിറത്തിലും, സെമിയുറപ്പിച്ച അര്‍ജന്റീനയുടെ മെസിയെ പച്ചനിറത്തിലുമാണ് പുള്ളാവൂരിലെ ചിത്രം വെച്ചുള്ള പോസ്റ്ററില്‍ സൂചിപ്പിക്കുന്നത്.

ചുവപ്പാണെങ്കില്‍ എന്തായാലും നിര്‍ത്തണമെന്നും മഞ്ഞ വേഗത കുറക്കനാണെന്നും പച്ചയാണെങ്കില്‍ മുന്നോട്ടുപോകാമെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

‘യാത്ര എങ്ങനെ തുടങ്ങുന്നു എന്നതിലല്ല. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ച് വിവേകപൂര്‍വം മുന്നോട്ടു പോകുന്നവരാണ് സുരക്ഷിതമായി ലക്ഷ്യത്തിലെത്തുന്നത്.
സുരക്ഷിതയാത്രയ്ക്ക് ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുക,’ എന്നാണ് പോസ്റ്ററിന് ക്യാപ്ഷനായി നല്‍കിയിട്ടുള്ളത്.

എന്നാല്‍ ഈ പോസ്റ്റിന് താഴെ കമന്റുകളുമായി ഒത്തുകൂടിയിരിക്കുകയാണ് ഫുട് ബോള്‍ ഫാന്‍സ്.

ഇതൊരുമാതിരി വല്ലാത്ത ട്രോള്‍ ആയിപ്പോയിയെന്നും കേരളാ പൊലീസിന്റെ പേജ് കൈകാര്യം ചെയ്യുന്ന അഡ്മിനിന് അര്‍ജന്റീനയോടും മെസിയോടുമുള്ള താല്‍പര്യത്തിന്റെ പുറത്താണ് ഇങ്ങനെ പോസ്റ്റര്‍ ഇറക്കിയതെന്നുമാണ് ബ്രസീല്‍, പോര്‍ച്ചുഗല്‍ ആരാധകര്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ പ്രിയതാരം മെസിയെ പുകഴ്ത്തിയതിന്റെ സന്തോഷത്തിലാണ് അര്‍ജന്റൈന്‍ ആരാധകര്‍.

അതേസമയം, പുള്ളാവൂരിലെ ഫുട്ബോള്‍ ആരാധകരായിരുന്നു ലോകശ്രദ്ധ നേടിയ ഈ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നത്. ഫിഫ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും കട്ടൗട്ടുകളുടെ ചിത്രം പങ്കുവെച്ചിരുന്നു. ലോകകപ്പില്‍ മൂന്ന് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ പൂര്‍ത്തിയാകുമ്പോള്‍, കൗട്ടുകള്‍ സ്ഥാപിക്കപ്പെട്ട മൂന്ന് താരങ്ങളില്‍ രണ്ട് പേരുടെ ടീമും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെയ്മറിന്റെ ബ്രസീല്‍ ക്രൊയേഷ്യയോട് തോറ്റ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോല്‍വി. എന്നാല്‍ ആവേശകരമായ രണ്ടാം ക്വാര്‍ട്ടറില്‍ മെസിയുടെ അര്‍ജന്റീന ഹോളണ്ടിനെ തകര്‍ത്ത് സെമിയിലെത്തുകയും ചെയ്തു. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ തന്നെയായിരുന്നു അര്‍ജന്റീനയുടെയും വിധി നിശ്ചയിക്കപ്പെട്ടത്.

ശനിയാഴ്ച നടന്ന പോര്‍ച്ചുഗലിന്റെ മത്സരവും പൂര്‍ത്തിയായതോടെ ലോക ശ്രദ്ധനേടിയ പുള്ളാവുര്‍ പുഴയില്‍ മെസി മാത്രം ബാക്കിയായിരിക്കുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈ ലോകപ്പിലെ താരോദയം എന്ന് വിശേഷിപ്പിക്കാവുന്ന മൊറോക്കൊയോട് പോര്‍ച്ചുഗല്‍ തോറ്റത്.

Content Higlight: Football fans gathered under Kerala Police’s traffic awareness post coaction with pullavoor cut out

We use cookies to give you the best possible experience. Learn more