| Wednesday, 6th September 2023, 3:43 pm

ഇനി ഇങ്ങേരുടെ സൗത്ത് ആഫ്രിക്കയിലെ അനിയത്തിയാണോ, കോപ്പി പേസ്റ്റ് ചെയ്ത് വെച്ചത് തന്നെ; വണ്ടറടിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയില്‍ സൂപ്പര്‍ താരം ‘റൊണാള്‍ഡീഞ്ഞ്യോ’യെ കണ്ടതിന്റെ അമ്പരപ്പിലാണ് ആരാധകര്‍. റൊണാള്‍ഡീഞ്ഞോയോട് അപാരമായ സാമ്യയുള്ള സൗത്ത് ആഫ്രിക്കന്‍ വനിതാ ഫുട്‌ബോളര്‍ മിഷെ മിന്നെസാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.

2001 നവംബര്‍ 14നാണ് മിഷെ ജനിച്ചത്. സൗത്ത് ആഫ്രിക്കന്‍ വനിതാ ഫുട്‌ബോള്‍ ടീമിലെ മുന്നേറ്റ താരമാണ് മിഷെ മിന്നെസ്. മാമെലോഡി സണ്‍ ഡൗണ്‍സിന് വേണ്ടിയും സൂപ്പര്‍ താരം ബൂട്ടണിയുന്നുണ്ട്.

2018 ഫിഫ അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടിയ സൗത്ത് ആഫ്രിക്ക വനിതാ ടീമിലെ പ്രധാനി കൂടിയായിരുന്നു മിഷെ.

കഴിഞ്ഞ തിങ്കളാഴ്ച സി.ഡബ്ല്യൂ.സി.എല്ലില്‍ മിഷെയുടെ ടീമായ സണ്‍ ഡൗണ്‍സ് കോസ്റ്റ ഡോ സോളിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് മിഷെ ഇന്റര്‍നെറ്റില്‍ തരംഗമായത്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു സണ്‍ ഡൗണ്‍സ് എതിരാളികളെ തകര്‍ത്തുവിട്ടത്.

ഇതിനിടെയുള്ള താരത്തിന്റെ ചിത്രം വൈറലാവുകയായിരുന്നു. ബ്രസീല്‍-എ.സി മിലാന്‍ ലെജന്‍ഡ് റൊണാള്‍ഡീഞ്ഞോയുമായി താരത്തിനുള്ള സാമ്യമാണ് നെറ്റിസണ്‍സിനെ ആവേശത്തിലാക്കിയത്.

ഏറെ രസകരമായ മറ്റൊരു വസ്തുത സണ്‍ ഡൗണ്‍സിന്റെ ജേഴ്‌സിയുമായിരുന്നു. ബ്രസീല്‍ ദേശീയ ടീമിന്റെ മഞ്ഞ നിറത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സണ്‍ ഡൗണ്‍സിന്റെ ജേഴ്‌സി.

ഇതിന് പിന്നാലെ നിരവധി കമന്റുകളുമായി ആരാധകരെത്തുകയായിരുന്നു.

ബ്രസീല്‍ ഇതിഹാസത്തെ കട്ട് കോപ്പി പേസ്റ്റ് ചെയ്ത് വെച്ചതാണെന്നും സൗത്ത് ആഫ്രിക്കയില്‍ റൊണാള്‍ഡീഞ്ഞോക്ക് എന്ത് കാര്യമെന്നും ഡി.എന്‍.എ ടെസ്റ്റിന്റെ ഒരു ആവശ്യവുമില്ല എന്നും ആരാധകര്‍ തമാശപൂര്‍വം പറയുന്നു.

കാണാന്‍ റൊണാള്‍ഡീഞ്ഞോയെ പോലെ ഉണ്ട് എന്നത് മാത്രമല്ല, താരത്തിന്റെ ഫുട്‌ബോള്‍ സ്‌കില്ലുകളും ചര്‍ച്ചയാകുന്നുണ്ട്. സസോള്‍ ലീഗ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ സീസണില്‍ സ്വപ്ന ഫോമില്‍ കളിച്ച മിഷെ സണ്‍ ഡൗണ്‍സിനെ കിരീടമണിയിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു. 23 ഗോളാണ് മിഷെ അടിച്ചുകൂട്ടിയത്.

സൗത്ത് ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ ഭാവിയായി വിശേഷിപ്പിക്കുന്ന താരങ്ങളില്‍ പ്രധാനിയാണ് മിഷെ. ഇതേ രീതിയില്‍ താരം കരിയര്‍ തുടരുകയാണെങ്കില്‍ സൗത്ത് ആഫ്രിക്കന്‍ ഫുട്‌ബോളിനും മിഷെക്കും വന്നുചേരുന്ന നേട്ടങ്ങള്‍ വളരെ വലുതായിരിക്കും.

content highlight: Football fans are stunned by a doppelganger of Ronaldinho from South Africa

We use cookies to give you the best possible experience. Learn more