| Friday, 15th September 2023, 3:18 pm

നെയ്മറിന്റെ സൗദി പ്രോ ലീഗ് അരങ്ങേറ്റം ഇനിയും വൈകുമോ? റിയാദിനെതിരായ മത്സരം ഉറ്റുനോക്കി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ സൗദി പ്രോ ലീഗില്‍ വെള്ളിയാഴ്ച അരങ്ങേറ്റം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. സെപ്റ്റംബര്‍ 15ന് നടക്കുന്ന മത്സരത്തില്‍ സൗദി പ്രോ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അല്‍ റിയാദിനെതിരെയാണ് അല്‍ ഹിലാല്‍ ഏറ്റുമുട്ടുന്നത്.

പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളുകളായി വിശ്രമത്തിലായിരുന്നു നെയ്മര്‍. എന്നാല്‍ താരം പൂര്‍ണ ഫിറ്റ്നസിലേക്ക് അടുക്കുകയാണെന്ന് അല്‍ ഹിലാല്‍ മാനേജര്‍ ജോര്‍ജ് ജീസസ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബ്രസീല്‍ ദേശീയ ടീമിനായി അന്താരാഷ്ട്ര മത്സരത്തില്‍ താരം തിരിച്ചുവന്നിരുന്നു.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലാണ് നെയ്മര്‍ ബ്രസീലിനായി കളിച്ചത്. രണ്ട് മത്സരങ്ങളില്‍ 180 മിനിറ്റ് കളിച്ച താരം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിരുന്നു. ഇതിനിടെ ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ(77) പെലയുടെ റെക്കാഡ് മറികടക്കാനും നെയ്മറിന് കഴിഞ്ഞിരുന്നു. ഇതൊക്കെ താരത്തിന്റെ ഫിറ്റ്‌നെസ് വീണ്ടെടുത്തതിന്റെ തെളിവാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ മാസം നെയ്മറെ അല്‍ ഹിലാല്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ചടങ്ങിലാണ് നെയ്മറെ അല്‍ ഹിലാല്‍ അവതരിപ്പിച്ചത്.

ഇതിനിടെ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ജയന്റ്സായ മുംബൈ സിറ്റിക്കെതിരെ കളിക്കാന്‍ നെയ്മറും അല്‍ ഹിലാലും ഇന്ത്യന്‍ മണ്ണിലെത്തുമെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്രൂപ്പ് തെരഞ്ഞെടുപ്പില്‍ അല്‍ ഹിലാലും മുംബൈയും ഒരു ഗ്രൂപ്പില്‍ വന്നതോടെയാണ് നെയ്മര്‍ ഇന്ത്യയിലെത്താനുള്ള സാധ്യതകള്‍ സജീവമായത്.

Content Highlight: Football fans are hoping that Neymar will make his debut in the Saudi Pro League on Friday

Latest Stories

We use cookies to give you the best possible experience. Learn more