| Tuesday, 22nd January 2019, 7:28 pm

നികുതിവെട്ടിപ്പ് കേസില്‍ 155 കോടി പിഴയടച്ചു; ക്രിസ്റ്റ്യാനോയ്ക്ക് ജയില്‍ ശിക്ഷ ഒഴിവായി

സ്പോര്‍ട്സ് ഡെസ്‌ക്

മാഡ്രിഡ്: നികുതിവെട്ടിപ്പ് കേസില്‍ കോടതി വിധിച്ച 155 കോടി രൂപ പിഴയടച്ച് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്ത് നടത്തിയ നികുതിവെട്ടിപ്പ് കേസിലാണ് താരം പിഴയടച്ചത്. ഇതോടെ കേസില്‍ താരത്തിന്റെ ജയില്‍ശിക്ഷ ഒഴിവാകും.

18.8 മില്യണ്‍ യൂറോ കൂടാതെ രണ്ടുവര്‍ഷത്തെ തടവിനുമായിരുന്നു മാഡ്രിഡ് കോടതി ശിക്ഷിച്ചത്. എന്നാല്‍, സ്പെയിനിലെ നിയമപ്രകാരം ആദ്യമായി രണ്ടുവര്‍ഷത്തെ ശിക്ഷ ലഭിക്കുന്നയാള്‍ ശിക്ഷ അനുഭവിക്കേണ്ടിവരില്ല. ഇത് പ്രൊബേഷന്‍ കാലാമായാണ് കണക്കാക്കുക. ഇതോടെ ക്രിസ്റ്റ്യാനോ ജയില്‍ശിക്ഷയില്‍ നിന്ന് ഒഴിവാകുകയായിരുന്നു.

Read Also : ബ്ലാസ്റ്റേഴ്‌സിനോട് ബൈ ബൈ; സി.കെ വിനീത് ചെന്നൈയിനിലേക്ക്

സ്പാനിഷുകാരിയായ പ്രതിശ്രുത വധു ജോര്‍ജിന റോഡ്രിഗസിനൊപ്പമാണ് ക്രിസ്റ്റ്യാനോ മാഡ്രിഡിലെ കോടതിയിലെത്തിയത്. താരം 15 മിനിറ്റോളം കോടതിയില്‍ ചിലവഴിച്ചു. നേരത്തെ തയ്യാറാക്കിവെച്ച കരാറില്‍ ഒപ്പിടാനുള്ള ജോലി മാത്രമേ ക്രിസ്റ്റ്യാനോയ്ക്കുണ്ടായിരുന്നുള്ളൂ.

2011-14 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. പിക്ച്ചര്‍ റൈറ്റസിലൂടെ നേടിയ വരുമാനത്തിന്റെ ടാക്സ് വെട്ടിച്ചുവെന്നാണ് റൊണാള്‍ഡോയ്ക്കെതിരായ കേസ്. ആദ്യം റൊണാള്‍ഡോ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് കുറ്റമേറ്റുപറയുകയും പിഴ അടയ്ക്കാമെന്നേല്‍ക്കുകയുമായിരുന്നു.

നികുതി വെട്ടിപ്പ് വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് താരം റയല്‍ മാഡ്രിഡ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് യുവന്റസിലേക്ക് ചേക്കറിയത്.

We use cookies to give you the best possible experience. Learn more